വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം

 സെയ്ഷം അണ്ടർ 19
Published on

പുതുച്ചേരി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ബിഹാറിനെ തകർത്ത് കേരളം. ഒൻപത് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 43.3 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായി. മഴയെ തുടർന്ന് കേരളത്തിൻ്റെ വിജയലക്ഷ്യം 93 റൺസായി പുതുക്കി നിശ്ചയിച്ചു. തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17.3 ഓവറിൽ ഒരു വിക്കറ്റിന് ലക്ഷ്യത്തിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബിഹാറിനായി മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. കേരള ബൌളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ ഒരു ഘട്ടത്തിലും ബിഹാർ ബാറ്റർമാർക്ക് നിലയുറപ്പിക്കാനായില്ല. 32 റൺസുമായി പുറത്താകാതെ നിന്ന അമർ കുമാറാണ് ബിഹാറിൻ്റെ ടോപ് സ്കോറർ. വാലറ്റത്ത് 23 റൺസുമായി ആകൻഷു റായിയും അല്പ നേരം പിടിച്ചു നിന്നു. 43.3 ഓവറിൽ 113 റൺസിന് ബിഹാർ ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി എം മിഥുൻ മൂന്നും അമയ് മനോജ്, മൊഹമ്മദ് ഇനാൻ, ആഷ്ലിൻ എന്നിവര്‍ ഓരോ വിക്കറ്റും സംഗീത് സാഗർ രണ്ട് വിക്കറ്റും വീഴ്ത്തി.

മഴയെ തുടർന്ന് കേരളത്തിൻ്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 93 റൺസായി പുതുക്കി നിശ്ചയിച്ചു. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ജോബിൻ ജോബിയും സംഗീത് സാഗറും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. ജോബിൻ 30 റൺസെടുത്ത് പുറത്തായി. സംഗീത് 33 റൺസോടെയും രോഹിത് കെ ആർ 26 റൺസോടെയും പുറത്താകാതെ നിന്നു.

Related Stories

No stories found.
Times Kerala
timeskerala.com