
ആഭ്യന്തര സീസന്റെ തയ്യാറെടുപ്പുകൾ നടത്തി കേരള ക്രിക്കറ്റ് ടീം. ടി20 പരമ്പരയ്ക്കായി കേരള ടീം ഒമാനിലേക്ക്. ഒമാൻ ദേശീയ ടീമിനെതിരെ കേരള ടീം ടി20 മത്സരങ്ങൾ കളിക്കും. ഇക്കാര്യം വിവിധ കെസിഎൽ ഫ്രാഞ്ചൈസികൾ ഔദ്യോഗികമായി അറിയിച്ചു. സാലി വി സാംസൺ ആണ് കേരള ടീമിനെ നയിക്കുക.
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കന്നിക്കിരീടത്തിലേക്ക് നയിച്ച താരമാണ് സാലി വി സാംസൺ. ഏറെനാൾ പരിക്ക് മൂലം പുറത്തിരുന്ന സാലി തൻ്റെ കരിയർ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ കേരള ടീമിൻ്റെ ക്യാപ്റ്റാവുക എന്നത് സാലി സാംസണിൻ്റെ കരിയറിൽ വളരെ നിർണായകമാവും. ഇന്ത്യൻ താരം സഞ്ജു സാംസണിൻ്റെ സഹോദരനാണ് സാലി സാംസൺ.
സഞ്ജു സാംസൺ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയ മുതിർന്ന താരങ്ങൾ ടീമിലില്ല. രോഹൻ കുന്നുമ്മലും ടീമിൽ ഇടം നേടിയില്ല. അതേസമയം കെഎം ആസിഫ്, അജിനാസ് എം, അഖിൽ സ്കറിയ, വിഷ്ണു വിനോദ്, സിജോമോൻ പിഎസ്, അബ്ദുൽ ബാസിത്ത്, കൃഷ്ണപ്രസാദ്, വിനൂപ് മനോഹരൻ, അൻഫൽ പള്ളം തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം പിടിച്ചു. അർജുൻ എകെ, അജയഘോഷ് എൻ, മുഹമ്മദ് ആഷിഖ്, ജെറിൻ പിഎസ്, സിബിൻ പി, കൃഷ്ണ ദേവൻ തുടങ്ങിയ പുതുമുഖങ്ങളും ടീമിലുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലും കേരള ടീം ഒമാൻ ടൂർ നടത്തിയിരുന്നു. ഒമാനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിച്ച കേരള ടീം മികച്ച പ്രകടനങ്ങളും നടത്തി. ഒരു കളി ഉപേക്ഷിച്ച പരമ്പരയിൽ ഇരു ടീമുകളും 2-2 എന്ന നിലയിലായിരുന്നു. ഇത്തവണത്തെ ഒമാൻ പര്യടന തീയതി പ്രഖ്യാപിച്ചിട്ടില്ല.