ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 121 റൺസ് വിജയലക്ഷ‍്യം | syed mushtaq ali trophy

അരങ്ങേറ്റ മത്സരത്തിൽ സൂപ്പറായി വിഘ്നേഷ് പുത്തൂർ, ഛത്തീസ്ഗഡിനെ എറിഞ്ഞൊതുക്കി കേരളം.
Kerala
Updated on

സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 121 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ ഛത്തീസ്ഗഡിന് 120 റൺസ് നേടാനെ സാധിച്ചുള്ളൂ. 41 റൺസ് നേടിയ ക‍്യാപ്റ്റൻ അമൻദീപ് ഖാരെയാണ് ഛത്തീസ്ഗഡ് നിരയിലെ ടോപ് സ്കോറർ. അമൻദീപിനു പുറമെ സഞ്ജീത് ദേശായിക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. 23 പന്തിൽ 3 സിക്സും ഒരു ബൗണ്ടറിയും അടക്കം 35 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

കേരളത്തിനു വേണ്ടി കെ.എം. ആസിഫ് മൂന്നും അങ്കിത് ശർമ, വിഘ്നേഷ് പുത്തൂർ എന്നിവർ രണ്ടും ഷറഫുദ്ദീൻ, അബ്ദുൾ ബാസിത്, എം.ഡി. നിധീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ 4 ഓവർ പന്തെറിഞ്ഞ വിഘ്നേഷ് 29 റൺസ് വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡിനു മോശം തുടക്കമാണ് ഓപ്പണിങ് ബാറ്റർമാർ സമ്മാനിച്ചത്. സ്കോർബോർഡിൽ ഒരു റൺസ് ചേർക്കുന്നതിനിടെ ഓപ്പണിങ് ബാറ്റർ ആയുഷ് ശശികാന്ത് പാണ്ഡെയുടെ (0) വിക്കറ്റ് ഷറഫുദ്ദീൻ വീഴ്ത്തി. പിന്നീട് അമൻദീപ് പുറത്തെടുത്ത പ്രകടനത്തിന്‍റെ മികവിൽ ടീം സ്കോർ‌ അൽപ്പം ഉയർന്നെങ്കിലും 46 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റും മൂന്നാം വിക്കറ്റും ടീമിനു നഷ്ടമായി. ശശാങ്ക് ചന്ദ്രക്കർ (17), ശശാങ്ക് സിങ് (0) എന്നിവരാണ് പുറത്തായത്.

പിന്നീട് സഞ്ജീത് ദേശായിയോടൊപ്പം ചേർന്ന് അമൻദീപ് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും ടീം സ്കോർ 97ൽ നിൽക്കെ സഞ്ജിത് ദേശായിയെ അങ്കിത് ശർമയും തൊട്ടടുത്ത് തന്നെ അമൻദീപിനെ വിഘ്നേഷും പുറത്താക്കി. ഇതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് വന്ന ബാറ്റർമാർക്ക് ആർക്കും കാര‍്യമായ റൺസ് നേടാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com