വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കേരളത്തിന് തോൽവി

 സെയ്ഷം അണ്ടർ 19
Published on

മുംബൈ: വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ കേരളത്തിന് മഹാരാഷ്ട്രയോട് തോൽവി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 34 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് നാല് റൺസെടുത്ത ഓപ്പണർ അമീറ ബീഗത്തിൻ്റെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. മികച്ചൊരു തുടക്കത്തിനൊടുവിൽ ശ്രദ്ധ സുമേഷ് 16 റൺസുമായി മടങ്ങി. ശ്രേയ പി സിജു അഞ്ച് റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ ലെക്ഷിത ജയനും ഇസബെല്ലും മാത്രമാണ് കേരള ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. ലെക്ഷിത 33ഉം ഇസബെൽ 30ഉം റൺസെടുത്തു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ജാൻവി വീർക്കർ മൂന്നും അക്ഷയ ജാധവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണർ ഈശ്വരി അവസാരെയുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് വിജയമൊരുക്കിയത്. അതിവേഗം സ്കോർ ചെയ്ത് മുന്നേറിയ മഹാരാഷ്ട്ര ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ കേരള ബൌളർമാർക്കായില്ല. 14.2 ഓവറിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. ഈശ്വരി അവസാരെ 46 പന്തുകളിൽ 57 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്സ എ ആർ, മനസ്വി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

--

Related Stories

No stories found.
Times Kerala
timeskerala.com