ക്വാർട്ടറിൽ കടക്കാനാകാതെ കേരളം; ആന്ധ്രയോട് വമ്പൻ തോൽവി | Syed Mushtaq Ali Trophy

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 119 റൺസെടുത്തപ്പോൾ, 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
Kerala
Updated on

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾക്ക് വൻ തിരിച്ചടി. നിർണായക മൽസരത്തിൽ ആന്ധ്രക്കെതിരെ കേരളത്തിന് തോൽവി. ആന്ധ്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 119 റൺസെടുത്തപ്പോൾ 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 28 പന്തിൽ 53 റൺസെടുത്ത കെ.എസ്. ഭരതും 20 പന്തിൽ 27 റൺസെടുത്ത അശ്വിൻ ഹെബ്ബാറുമാണ് ആന്ധ്രയുടെ വിജയം അനായാസമാക്കിയത്. ഷെയ്ഖ് റഷീദും ക്യാപ്ടൻ റിക്കി ഭൂയിയും പുറത്താകാതെ നിന്നു.

കേരളത്തിനായി ബിജു നാരായണനും വിഘ്‌നേഷ് പുത്തൂരും അബ്ദുൾ ബാസിതും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോർ കേരളം 20 ഓവറിൽ 119, ആന്ധ്ര 12 ഓവറിൽ 123. 120 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആന്ധ്രക്ക് ഓപ്പണർമാരായ ശ്രീകർ ഭരതും അശ്വിൻ ഹെബ്ബാറും ചേർന്ന് 7.1 ഓവറിൽ 71 റൺസടിച്ച് മിന്നുന്ന തുടക്കം നൽകിയതോടെ കേരളത്തിന്റെ പ്രതീക്ഷ പൊലിഞ്ഞു. സ്‌കോർ 71ൽ നിൽക്കെ അശ്വിൻ ഹെബ്ബാറിനെ ബിജു നാരായണൻ വിക്കറ്റിന് മുന്നിൽ കുടുക്കി.

പിന്നാലെ അർധസെഞ്ചുറി തികച്ച ശ്രീകർ ഭരതിനെ വിഘ്‌നേഷ് പുത്തൂരും വിക്കറ്റിന് മുന്നിൽ കുടുക്കി ഇരട്ട പ്രഹരമേൽപ്പിച്ചെങ്കിലും കേരളത്തിന് പൊരുതാനുളള സ്‌കോർ ഇല്ലാതെ പോയി. വിജയത്തിനരികെ പൈല അവിനാശിനെ (12 പന്തിൽ 20) അബ്ദുൾ ബാസിത് മടക്കിയെങ്കിലും റിക്കി ഭൂയിയും ഷെയ്ഖ് റഷീദും ചേർന്ന് വിജയം പൂർത്തിയാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരള നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും ഓപ്പണറായി ഇറങ്ങിയ ക്യാപ്ടൻ സഞ്ജു സാംസൺ അവസാനം വരെ പുറത്താവാതെ നിന്ന് 56 പന്തിൽ 73 റൺസെടുത്ത് പൊരുതിയെങ്കിലും മറ്റാർക്കും പിന്തുണ നൽകാനായില്ല. രോഹൻ കുന്നുമ്മലിനെ (2) നാലാം ഓവരിൽ നഷ്ടമായതിന് പിന്നാലെ കേരളത്തിന്റെ തകർച്ച തുടങ്ങി.

15 പന്തിൽ ആറ് റൺസെടുത്ത് മുഹമ്മദ് അസറുദ്ദീനും നാലു പന്തിൽ അഞ്ച് റൺസെടുത്ത കൃഷ്ണപ്രസാദും 9 പന്തിൽ രണ്ട് റൺസെടുത്ത് അബ്ദുൾ ബാസിതും 10 പന്തിൽ 5 റൺസെടുത്ത് സൽമാൻ നിസാറും മടങ്ങി. 12 പന്തിൽ 13 റൺസെടുത്ത എം.ഡി നിധീഷാണ് സഞ്ജുവിന് പുറമെ കേരളനിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ആന്ധ്രക്കായി സത്യനാരായണ രാജുവും സൗരഭ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.
Times Kerala
timeskerala.com