അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി | Cricket

ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിൻ്റെ വിജയം
kerala cricket association

വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോല്പിച്ച് ഗുജറാത്ത്. ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. (Cricket)

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഒരു റണ്ണെടുത്ത ശ്രദ്ധ സുമേഷിൻ്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ വൈഷ്ണ എം പിയും അനന്യ കെ പ്രദീപും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർന്നെത്തിയ ബാറ്റർമാ‍ർ നിരാശപ്പെടുത്തിയതാണ് കേരളത്തിന് തിരിച്ചടിയായത്. വൈഷ്ണ 31ഉം അനന്യ 14ഉം റൺസെടുത്ത് പുറത്തായി. പിന്നീട് ബാറ്റ് ചെയ്യാനെത്തിയവരിൽ ക്യാപ്റ്റൻ നജ്ലയും ഇസബെല്ലും മനസ്വിയും മാത്രമാണ് രണ്ടക്കം കടന്നത്. നജ്ല 12ഉം മനസ്വി 15ഉം റൺസെടുത്തപ്പോൾ ഇസബെൽ 13 റൺസുമായി പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി ജിയ ജെയിനും പുഷ്ടി നഡ്കർണിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് 40 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ ചാർലി സോളങ്കിയും സ്തുതി ജനിയും ചേർന്നുള്ള കൂട്ടുകെട്ട് ഗുജറാത്തിനെ അനായാസം വിജയത്തിലെത്തിച്ചു. ഇരുവരും ചേർന്നുള്ള അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 65 റൺസ് പിറന്നു. ചാർലി 43ഉം സ്തുതി 26ഉം റൺസ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ, ഇസബെൽ, ഐശ്വര്യ എ കെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.
Times Kerala
timeskerala.com