
ചണ്ഡീഗഢ് : ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ ബിഹാറിനെതിരെ കേരളത്തിന് വിജയം. 49 റൺസിനാണ് കേരളം ബിഹാറിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 17.5 ഓവറിൽ 75 റൺസിന് ഓൾ ഔട്ടായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 റൺസെടുത്ത ഓപ്പണർ പ്രണവി ചന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ടി ഷാനിയും ദൃശ്യയും ചേർന്ന 56 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഷാനി 45ഉം ദൃശ്യ 15ഉം റൺസെടുത്തു. ആശ എസ് 16 പന്തുകളിൽ നിന്ന് 22 റൺസെടുത്തു. ബിഹാറിന് വേണ്ടി ആര്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിനെ നാല് വിക്കറ്റ് വീഴ്ത്തിയ എസ് ആശയുടെ ബൌളിങ് മികവാണ് തകർത്തത്. 33 റൺസെടുത്ത യഷിത സിങ് മാത്രമാണ് ബിഹാർ ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. വിശാലാക്ഷി 14 റൺസെടുത്തു. ബാക്കിയുള്ളവരെല്ലാം രണ്ടക്കം പോലും കാണാതെ പുറത്തായി. നാല് ബിഹാർ ബാറ്റർമാർ റണ്ണൌട്ടിലൂടെയാണ് പുറത്തായത്. ഷാനിയും ദർശനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.