
കെസിഎലിന്റെ ഉദ്ഘാടന ദിനം സഞ്ജു സാംസണും സച്ചിൻ ബേബിയും അടങ്ങുന്ന പ്രമുഖ താരങ്ങളാണ് 2 മത്സരങ്ങളിലായി കളത്തിലിറങ്ങുന്നത്. ഇന്നത്തെ രണ്ടാം മത്സരത്തിലാണ് സഞ്ജു സാംസൺ ആദ്യമായി കെസിഎലിനായി കളത്തിലിറങ്ങുന്നത്. ചേട്ടൻ സാലി സാംസൺ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ഉപനായകനാണ് സഞ്ജു.
സാംസൺ ബ്രദേഴ്സിന്റെ ടീം നേരിടുന്നത് സ്വന്തം നാട്ടിലെ ടീമായ ട്രിവാൻഡ്രം റോയൽസിനെയാണ് എന്നതും ശ്രദ്ധേയമാണ്. കൃഷ്ണപ്രസാദ് നയിക്കുന്ന റോയൽസിന്റെ കരുത്തൻമാർ അബ്ദുൽ ബാസിതും പുതുതായി ടീമിലെത്തിയ ബേസിൽ തമ്പിയുമാണ്.
ചാംപ്യൻമാർക്ക് കെസിഎൽ കപ്പിനൊപ്പം 30 ലക്ഷം രൂപയാണു സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 20 ലക്ഷവും 2 സെമി ഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം വീതവും ലഭിക്കും. മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ലീഗ് ആദ്യ സീസൺ കൊണ്ടുതന്നെ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ 2.04 കോടി പേരാണ് ടിവി ചാനലുകളിലൂടെയും ഒടിടിയിലും തത്സമയം കളി കണ്ടത്.