
കെസിഎലിലെ രണ്ടാം സെമി ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തകർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിൽ. 15 റൺസിനാണ് കാലിക്കറ്റിനെ കൊച്ചി പരാജയപ്പെടുത്തിയത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ കൊല്ലം സെയിലേഴ്സാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിയ്‌ക്കായി ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയ മുഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടിയ കാലിക്കറ്റ്, കൊച്ചിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ ആഞ്ഞടിച്ച കൊച്ചിയുടെ ഇന്നിങ്സ് ഇടയ്‌ക്ക് മന്ദഗതിയിലായി. എന്നാൽ അവസാന ഓവറുകളിൽ വീണ്ടും കൂറ്റൻ ഷോട്ടുകൾ വന്നതോടെ മികച്ചൊരു സ്കോറിലേക്ക് നീങ്ങി. വിനൂപ് മനോഹരനൊപ്പം കൊച്ചിയ്‌ക്ക് വേണ്ടി ഇന്നിങ്സ് തുറന്നത് വിപുൽ ശക്തിയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഒൻപത് റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. 12 പന്തുകളിൽ 23 റൺസ് നേടിയ അമീർഷായെ കെ.എം. ആസിഫ് ക്ലീൻ ബൗൾഡാക്കി. വൈകാതെ 15 റൺസുമായി അജ്‌നാസും മടങ്ങി. അഖിൽ സ്‌കറിയയും അൻഫലും ചേർന്ന് നാലാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13 ഓവറിൽ അൻഫലിനെയും സച്ചിൻ സുരേഷിനെയും പുറത്താക്കി മുഹമ്മദ് ആഷിഖ്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആഷിഖാണ് കൊച്ചി ബൗളിങ് നിരയിൽ തിളങ്ങിയത്.