
മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിൽ തുടക്കമായി. റഷ്യ, ന്യൂസീലൻഡ്, യുഎസ്, ചിലെ, ബൽജിയം, ഇറ്റലി, മലേഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 21 വിദേശതാരങ്ങളും ഇന്ത്യൻ താരങ്ങളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ആദ്യദിനമായ ഇന്നലെ വനിതകളുടെ അമച്വർ ബോട്ടർ ക്രോസ് മത്സരത്തിൽ യുക്രെയ്നിന്റെ ഓക്സാന ഷെർവ്ചെങ്കോ ജേതാവായി. മധ്യപ്രദേശ് സ്വദേശിനി ആയുഷി ജെയിൻ രണ്ടാം സ്ഥാനവും എറണാകുളം സ്വദേശി 12 വയസ്സുകാരി ഡോണ മാഴ്സെല്ല മൂന്നാംസ്ഥാനവും നേടി.
പുരുഷ വിഭാഗത്തിൽ മധ്യപ്രദേശ് സ്വദേശി ഗാർവ് കോക്കാട്ടെ ഒന്നാംസ്ഥാനവും കോഴിക്കോട് സ്വദേശി അക്ഷയ് അശോക് രണ്ടാം സ്‌ഥാനവും നേടി. ബെംഗളൂരു മലയാളി അയ്യപ്പൻ ശ്യാമിനാണ് മൂന്നാം സ്‌ഥാനം.