ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയതിനു പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ ടീം മാറ്റത്തിനു തയാറെടുത്ത് മലയാളി ക്രിക്കറ്റ് താരം കരുൺ നായർ. വിദർഭ വിടുന്ന കരുൺ നായർ കർണാടക ടീമിനൊപ്പം ചേരും. വിദർഭയുടെ മറ്റൊരു താരമായ ജിതേഷ് ശർമ ബറോഡയിലായിരിക്കും അടുത്ത സീസണിൽ കളിക്കുക. കഴിഞ്ഞ ആഭ്യന്തര സീസണിൽ വിദർഭയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ബാറ്റർമാരാണ് കരുൺ നായരും ജിതേഷ് ശർമയും.
കരുൺ കർണാടകയിലേക്കു തിരിച്ചെത്തുമെന്ന കാര്യം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളും സ്ഥിരീകരിച്ചിട്ടുണ്ട്. ബറോഡയിലേക്കുള്ള ജിതേഷ് ശർമയുടെ മാറ്റം രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു.