
ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ദീപിന്റെ സഹോദരിയെ ചികിത്സിക്കാനായി ബിസിസിഐ സഹായങ്ങൾ നൽകിയതായി വെളിപ്പെടുത്തി ആകാശ് ദീപിന്റെ സുഹൃത്ത് വൈഭവ് കുമാർ. രണ്ടു മാസമായി ചികിത്സയിലായിരുന്ന ജ്യോതിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നും വൈഭവ് കുമാർ പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം കാൻസർ രോഗിയായ സഹോദരിക്കു സമർപ്പിക്കുന്നുവെന്ന് ആകാശ് ദീപ് പറഞ്ഞതോടെയാണ്, ഇന്ത്യന്‍ താരത്തിന്റെ സുഹൃത്ത് പ്രതികരണവുമായെത്തിയത്.
‘‘ജ്യോതിക്ക് കാൻസറിന്റെ ആദ്യഘട്ടമായിരുന്നു. ബിസിസിഐയും ലക്നൗ സൂപ്പർ ജയന്റ്സ് ടീം മാനേജ്മെന്റും ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട്. മുംബൈയിൽനിന്ന് ഡോക്ടർമാരെത്തി ജ്യോതിക്ക് ലക്നൗവിൽ തന്നെ ചികിത്സ ഉറപ്പാക്കി. ബിസിസിഐയും ലക്നൗ മാനേജ്മെന്റും ബംഗാൾ അസോസിയേഷനും എല്ലാം ഇടപെട്ടിട്ടുണ്ട്. ഇപ്പോൾ ജ്യോതിയുടെ ആരോഗ്യനില തൃപ്തികരമാണ്.’’– വൈഭവ് കുമാർ പറഞ്ഞു.
എജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ആകാശ് ദീപ് പത്തു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 88 റൺസ് വഴങ്ങി നാലു വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ 99 റൺസ് വഴങ്ങി ആറു വിക്കറ്റുകളും താരം സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പകരക്കാരനായാണ് ആകാശ് ദീപ് പ്ലേയിങ് ഇലവനിലെത്തിയത്. ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലും ആകാശ് ദീപ് കളിക്കുമെന്നാണു വിവരം.