
മാഞ്ചസ്റ്റർ: ക്രിക്കറ്റ് സബ്സ്റ്റിറ്റ്യൂഷൻ നിയമത്തിൽ വലിയ മാറ്റങ്ങൾ വേണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ, ഋഷഭ് പന്തിനു പകരക്കാരനായിവന്ന ധ്രുവ് ജുറേലിനെ ബാറ്റു ചെയ്യാൻ അനുവദിക്കാതിരിക്കുന്നതു ശരിയല്ലെന്ന് മൈക്കൽ വോൺ അഭിപ്രായപ്പെട്ടു.
പരുക്കേറ്റ പന്തിനെ വിക്കറ്റ് കീപ്പിങ്ങിൽ നിന്ന് ഒഴിവാക്കിയെങ്കിലും രണ്ടാം ഇന്നിങ്സിലും താരം ബാറ്റിങ്ങിന് ഇറങ്ങേണ്ട അവസ്ഥയാണ്. പന്ത് ഇറങ്ങിയില്ലെങ്കിൽ ഇന്ത്യൻ നിരയിൽ ഒരു ബാറ്ററുടെ കുറവു വരും. സ്വാഭാവികമായും ഇത് ഒഴിവാക്കാനായിരിക്കും ബിസിസിഐ ശ്രമിക്കുക.
‘‘ക്രിക്കറ്റിൽ സബ്സ്റ്റിറ്റ്യൂഷൻ നിയമം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു കളിക്കാരന് ഗുരുതരമായ പരുക്കു പറ്റിയാൽ പകരക്കാരനെ അനുവദിക്കുന്നതിൽ തെറ്റില്ല. കഴിഞ്ഞ ദിവസം പൊട്ടലുള്ള കാലുമായാണ് ഋഷഭ് പന്ത് ബാറ്റിങ്ങിന് എത്തിയത്.’’– മൈക്കൽ വോൺ വ്യക്തമാക്കി.
‘‘പന്തിന്റെ അർപ്പണ ബോധത്തെ പ്രശംസിക്കുമ്പോഴും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ക്രിക്കറ്റിൽ നിയമം കൊണ്ടുവരണം. പന്തിനു പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ കളിപ്പിക്കാൻ നിയമമുണ്ട്. പക്ഷേ, ജുറേലിന് ബാറ്റ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. എന്തൊരു വൈരുധ്യമാണിത്. ഇത്തരം പഴഞ്ചൻ നിയമങ്ങൾ പൊളിച്ചെഴുതണം.’’– മൈക്കൽ വോൺ ആവശ്യപ്പെട്ടു.