

ജൂനിയർ ഹോക്കി ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ (ലൂസേഴ്‌സ് ഫൈനൽ) ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അർജന്റീനയെ തോൽപ്പിച്ചു. പി.ആർ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ, രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകൾ തിരിച്ചടിച്ചത്.
ചെന്നൈ എഗ് മോറിലെ മേയർ രാധാകൃഷ്ണൻ ഹോക്കി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ 49-ാം മിനുട്ടിൽ അങ്കിത് പാൽ, 52-ാം മിനുട്ടിൽ മൻമീത് സിംഗ്, 57-ാം മിനിറ്റിൽ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റിൽ അൻമോൾ എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.
2001ലും 2016ലും ചാമ്പ്യൻമാരായ ഇന്ത്യ ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയർ ലോകകപ്പിൽ മെഡൽ നേടുന്നത്. ജൂനിയർ ഹോക്കി ലോകകപ്പിലെ മെഡൽ നേട്ടം യുവതാരങ്ങൾക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീർത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യൻ ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാൻ താരങ്ങൾക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.