
പോർച്ചുഗൽ ലിവർപൂൾ താരം ഡിയേഗോ ജോട്ടയുടെ വിയോഗത്തിന് പിന്നാലെ വേദനയായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച അവസാന ചിത്രങ്ങൾ. ബാല്യകാല സുഹൃത്തും പങ്കാളിയുമായ റൂത്ത് കാർഡോസിനെ അടുത്തിടെയാണ് ജോട്ട വിവാഹം ചെയ്തത്. ഈ ദിവസം ഓർമിപ്പിച്ച് 'ജൂൺ 22, 2025, ഇനി എക്കാലത്തേക്കും' എന്ന അടിക്കുറിപ്പോടെ കുടുംബവുമൊന്നിച്ചുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു.
വിവാഹത്തിന്റെ സന്തോഷത്തിൽ നിൽക്കെയാണ് റൂത്ത് കാർഡോസോയെ തേടി മരണവാർത്തയെത്തുന്നത്. വർഷങ്ങൾ നീണ്ട ഡേറ്റിംഗിനൊടുവിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തിരുമാനിച്ചത്. ഇരുവർക്കും മൂന്ന് കുട്ടികളുമുണ്ട്.
അതേസമയം, ജോട്ടയുടെ സംസ്‌കാരം പോർട്ടോയിൽ നടത്താനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്. സ്‌പെയിനിൽ നിന്ന് ജൻമനാടായ പോർച്ചുഗലിലേക്കുള്ള യാത്രമാധ്യേയാണ് സമോറയിൽ താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സഹോദരനും ഫുട്ബോൾ താരവുമായ ആന്ദ്രെ സിൽവയും മരണമടഞ്ഞിരുന്നു. അപകടത്തിൽ ലംബോർഗിനി കാർ പൂർണമായും കത്തി നശിച്ചു.
താരത്തിന്റെ വിയോഗത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയടക്കം ഒട്ടേറെപേർ അനുശോചനവുമായി രംഗത്തെത്തി. ജോട്ടോയെ എല്ലാവരും മിസ് ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റിൽ റൊണാൾഡോ പറഞ്ഞു.