
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തന്റെ 38–ാം ടെസ്റ്റ് സെഞ്ചറി തികച്ച് ജോ റൂട്ട്. സെഞ്ചറിക്കു പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മുപ്പത്തിനാലുകാരൻ റൂട്ട് ഇന്നലെ സ്വന്തമാക്കി. ഒന്നാം സ്ഥാനത്തുള്ള സച്ചിനിലേക്ക് റൂട്ടിനുള്ള ദൂരം ഇനി 2512 റൺസ് മാത്രം. റൂട്ടിന്റെ സെഞ്ചറിക്കരുത്തിൽ (150) നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ 7ന് 544 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 77 റൺസുമായി ബെൻ സ്റ്റോക്സും 21 റൺസുമായി ലിയാം ഡോസണുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ആതിഥേയർക്കിപ്പോൾ 186 റൺസിന്റെ ലീഡുണ്ട്.
മൂന്നാം ദിനം 2ന് 225 നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് റൂട്ട്– ഒലീ പോപ്പ് (71) സഖ്യത്തിന്റെ കരുത്തിൽ അനായാസം സ്കോർ ചെയ്തു മുന്നേറി. മൂന്നാം വിക്കറ്റിൽ 144 റൺസാണ് ഇരുവരും ചേർന്നു നേടിയത്. പോപ്പിനെ പുറത്താക്കിയ വാഷിങ്ടൻ സുന്ദറാണ് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നൽകിയത്. പിന്നാലെ, നിലയുറപ്പിക്കും മുൻപേ ഹാരി ബ്രൂക്കിനെ (3) കൂടി വീഴ്ത്തിയ വാഷിങ്ടൻ മത്സരത്തിൽ ഇന്ത്യൻ തിരിച്ചുവരവിന്റെ സൂചന നൽകി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച റൂട്ട്– ബെൻ സ്റ്റോക്സ് സഖ്യം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. തുടക്കത്തിൽ താളം കണ്ടെത്താൻ സ്റ്റോക്സ് പ്രയാസപ്പെട്ടപ്പോൾ മറുവശത്ത് അനായാസം സ്കോർ ചെയ്ത റൂട്ടാണ് ആതിഥേയരുടെ റൺ നിരക്ക് കുറയാതെ നോക്കിയത്.
രണ്ടാം സെഷനോടെ പിച്ച് ബാറ്റിങ്ങിന് പൂർണമായി അനുകൂലമാകുകയും ചെയ്തതോടെ ഇന്ത്യൻ ബോളർമാർ ചിത്രത്തിലേ ഇല്ലാതായി. 142 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇംഗ്ലണ്ട് ടോട്ടൽ 450 കടത്തി. പിന്നാലെ കാലിനു പരുക്കേറ്റ സ്റ്റോക്സ് റിട്ടയേഡ് ഹർട്ടായി ഗ്രൗണ്ട് വിടുകയും 2 ഓവർ വ്യത്യാസത്തിൽ റൂട്ടിനെ ജഡേജ വീഴ്ത്തുകയും ചെയ്തതോടെ ഇംഗ്ലണ്ട് അൽപമൊന്നു പരുങ്ങി. വൈകാതെ ജയ്മി സ്മിത്ത് (9), ക്രിസ് വോക്സ് (4) എന്നിവരെക്കൂടി വീഴ്ത്തിയ ഇന്ത്യ ആക്രമണം കടുപ്പിച്ചെങ്കിലും ക്രീസിൽ തിരിച്ചെത്തിയ സ്റ്റോക്സ്, ലിയാം ഡോസണെ കൂട്ടുപിടിച്ച് മറ്റു പരുക്കുകൾ ഇല്ലാതെ മൂന്നാം ദിനം അവസാനിപ്പിച്ചു.