
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിനം കളി നിർത്തുമ്പോൾ 83 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ട് 99 റൺസോടെയും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 39 റൺസോടെയും ക്രീസിൽ. ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡി രണ്ടും രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ 13 ഓവർ ബോൾ ചെയ്ത ജസ്പ്രീത് ബുമ്ര – മുഹമ്മദ് സിറാജ് – ആകാശ് ദീപ് എന്നിവർക്ക് ഇംഗ്ലണ്ട് ഓപ്പണർമാരെ പിരിക്കാനായില്ല. എന്നാൽ, ആദ്യ ഓവറിൽത്തന്നെ ഇവരെ പവലിയനിൽ തിരിച്ചെത്തിച്ച് നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയ്ക്ക് നിർണായ വിക്കറ്റ് സമ്മാനിച്ചത്. സാക് ക്രൗളി (18), ബെൻ ഡക്കറ്റ് (23) എന്നിവരെ ഒരേ ഓവറിൽ നിതീഷ് കുമാർ പുറത്താക്കി. ഓപ്പണിങ് വിക്കറ്റിൽ മികച്ച തുടക്കം സമ്മാനിച്ച് മുന്നേറുന്നതിനിടെ, 14–ാം ഓവറിലാണ് മൂന്ന്, ആറ് പന്തുകളിലായി സാക് ക്രൗളിയെയും ബെൻ ഡക്കറ്റിനെയും നിതീഷ് കുമാർ റെഡ്ഡി പുറത്താക്കിയത്. 43 പന്തിൽ നാലു ഫോറുകളോടെ 18 റൺസെടുത്ത ക്രൗളിയും, 40 പന്തിൽ മൂന്നു ഫോറുകളോടെ 23 റൺസെടുത്ത ഡക്കറ്റും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.
സെഞ്ചറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന്റെ രക്ഷകരായ ജോ റൂട്ട് – ഒലി പോപ്പ് സഖ്യം പൊളിച്ചത് രവീന്ദ്ര ജഡേജയാണ്. മൂന്നാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ഒലി പോപ്പിനെ ജഡേജയുടെ പന്തിൽ പകരക്കാരൻ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ പിടികൂടി. 19 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഹാരി ബ്രൂക്കിനെ ബുമ്രയും മടക്കിയതോടെ നാലിന് 172 റൺസ് എന്ന നിലയിലായി ഇംഗ്ലണ്ട്. തുടർന്ന് ക്രീസിൽ ഒരുമിച്ച സ്റ്റോക്സും റൂട്ടും അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തതോടെ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇംഗ്ലണ്ട് ആദ്യദിനം അവസാനിപ്പിച്ചു.