

വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗ്സിനെ വിമര്‍ശിച്ച് നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി ശങ്കര്‍. മത്സരവിജയത്തിന് ശേഷം സംസാരിക്കുമ്പോൾ, 'ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു' എന്ന് ജമീമ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കസ്തൂരി ശങ്കര്‍ രംഗത്തെത്തിയത്.
"ശ്രീരാമന്‍റെ പേരിലോ ശിവന്‍റെ അനുഗ്രഹത്താലോ ആരെങ്കിലും നന്ദി പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ല." - എന്ന് കസ്തൂരി എക്സില്‍ കുറിച്ചു.
‘‘മത്സരത്തിനിടെ അവശയായിരുന്നു.. ക്ഷീണിതയായിരുന്നു, പക്ഷേ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു. ഒരു ക്രെഡിറ്റുമെടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാം പിന്തുണ എനിക്ക് ഊർജമായി. അമ്മയ്ക്കും അച്ഛനും എന്റെ കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.’’ഇങ്ങനെയായിരുന്നു ജമീമയുടെ വാക്കുകള്‍.
ഇതിനെയാണ് കസ്തൂരി വിമര്‍ശിച്ചത്. ‘‘ജെമീമയെ ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ, ആരെങ്കിലും 'ജയ് ശ്രീറാം' എന്നോ 'ഹർ ഹർ മഹാദേവ്' എന്നോ 'സത് ശ്രീ അകൽ' എന്നോ പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല’’ എന്നാണ് ഒരു പോസ്റ്റിന് മറുപടിയായി കസ്തൂരി എഴുതിയത്. ഇതിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കും കസ്തൂരി മറുപടി പറയുന്നുണ്ട്.
‘‘ജെമീമയുടെ വിശ്വാസത്തിൽ ഞാൻ സന്തോഷിക്കുന്നു. എന്തുകൊണ്ടാണ് മറ്റു വികാരങ്ങളെ നമ്മള്‍ അതേ രീതിയിൽ പരിഗണിക്കാത്തത്’’ എന്നാണ് കസ്തൂരിയുടെ ചോദ്യം. താനൊരു കപട മതേതരവാദിയല്ലെന്നും കപട സാമൂഹിക സ്വഭാവങ്ങളെയാണ് താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റൊരു വിമര്‍ശനത്തിന് കസ്തൂരി മറുപടി പറഞ്ഞു.