

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിനെതിരായ ട്രോളുകളിൽ പ്രതികരിച്ച് പേസർ ശിഖ പാണ്ഡെ. ജമീമ ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണെന്ന് താരം പറഞ്ഞു. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഡൽഹി ക്യാപിറ്റൽസിൽ ജമീമയുടെ സഹതാരമായ ശിഖ പാണ്ഡെയുടെ പ്രതികരണം.
'സ്പഷ്ടമായ കാര്യം കേൾക്കാൻ താത്പര്യമുള്ളവർക്കായി ഒരു കാര്യം പറയാം. അതെ. ജമി ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണ്. നിങ്ങൾക്ക് അതിൽ അസൂയയുണ്ടെങ്കിൽ ക്ഷമിക്കണം, ആർക്കും നിങ്ങളെ സഹായിക്കാനാവില്ല."- എക്സ് പ്ലാറ്റ്ഫോമിൽ ശിഖ പാണ്ഡെ കുറിച്ചു.
ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് ജമീമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വന്നു തുടങ്ങിയത്. സെമിയിൽ പുറത്താവാതെ 127 റൺസ് നേടിയ ശേഷം ജെമീമ യേശുവിന് നന്ദി പറഞ്ഞത് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചു. ആദ്യം ഇതിനെതിരെ ട്രോളുകൾ പങ്കുവച്ച സോഷ്യൽ മീഡിയ, ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിന് ശേഷം ട്രോളുകളുടെ കാഠിന്യം വർധിപ്പിപ്പിച്ചു. ഫൈനലിൽ 24 റൺസ് മാത്രമേ ജമീമയ്ക്ക് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ടാണ് ശിഖ പാണ്ഡെയുടെ എക്സ് പോസ്റ്റ്.
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയകിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾ ഔട്ടായി. ദീപ്തി ശർമ്മയാണ് കളിയിലെ താരം.