

അടുത്തമാസം നടക്കുന്ന ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ മത്സരാർത്ഥികൾക്ക് ജീൻസ് ധരിക്കാമെന്നു രാജ്യാന്തര ചെസ് സംഘടനയായ ഫിഡെ. ഇതിനായി വസ്ത്രധാരണച്ചട്ടത്തിൽ ഭേദഗതി വരുത്തി. പുതുക്കിയ ഭേദഗതിപ്രകാരം നീല, കറുപ്പ്, ചാര നിറങ്ങളിലുള്ള ജീൻസ് പുരുഷൻമാർക്കും വനിതകൾക്കും ധരിക്കാം. എന്നാൽ കീറിയതും ചുളിവുള്ളതുമായ ജീൻസ് ധരിക്കാൻ അനുവാദമില്ല. ജീൻസ് ധരിക്കാമെങ്കിലും ടീഷർട്ടിനും ഷോർട്സിനും ഉള്ള വിലക്ക് തുടരും.
കഴിഞ്ഞ വർഷത്തെ ചാംപ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയതിനു മുൻ ലോക ചാംപ്യനായ മാഗ്നസ് കാൾസനെ ഒരു മത്സരത്തിൽ നിന്നു ഫിഡെ വിലക്കിയിരുന്നു. തുടർന്ന് ലോക ഒന്നാം നമ്പർ താരമായ കാൾസൻ ചാംപ്യൻഷിപ്പിൽ നിന്നു പിന്മാറിയിരുന്നു. സംഭവം വിവാദമായതോടെ ചാംപ്യൻഷിപ്പിൽ കാൾസന് ജീൻസ് ധരിച്ച് മത്സരിക്കാൻ തക്കവിധം ഫിഡെ അന്ന് ഡ്രസ് കോഡിൽ താൽക്കാലിക ഭേദഗതി വരുത്തിയിരുന്നു.