
ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ് ഫൈനലിൽ പുരുഷ ജാവലിൻത്രോയിൽ നീരജ് ചോപ്രക്ക് പരാജയം. നിലവിലെ ചാംപ്യനായ ചോപ്രക്ക് നേടാനായത് 8–ാം സ്ഥാനം മാത്രം. മികവിന്റെ അടുത്തെങ്ങുമെത്താതെ നീരജ് (84.03 മീറ്റർ). മത്സരത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ തിളങ്ങിയ ഇന്ത്യൻ സഹതാരം സച്ചിൻ യാദവ് നാലാമതെത്തി (86.27 മീറ്റർ). മുൻ ഒളിംപിക്സ് ചാംപ്യൻ ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ടിനാണ് (88.16 മീറ്റർ) സ്വർണം.
ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് (87.38 മീറ്റർ) വെള്ളി നേടിയപ്പോൾ യുഎസിന്റെ കുർട്ടിസ് തോംപ്സനാണ് മൂന്നാമത് (86.67 മീറ്റർ). 12 പേർ മത്സരിച്ച ഫൈനലിൽ പാരിസ് ഒളിംപിക്സ് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം (82.75) 10–ാം സ്ഥാനത്തായി.
നീരജിനു ഫൈനലിലെ 5 ശ്രമങ്ങൾക്കിടെ 85 മീറ്റർ പോലും പിന്നിടാനായില്ല. 83.65 മീറ്ററുമായി തുടങ്ങിയ നീരജ് ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു. അടുത്ത ത്രോയിൽ ദൂരം അൽപ്പം മെച്ചപ്പെടുത്തിയെങ്കിലും (84.03 മീറ്റർ) രണ്ടാം റൗണ്ടിൽ നീരജ് എട്ടാംസ്ഥാനത്തേക്ക് വീണു. മൂന്നാം ത്രോ ഫൗളായി. നാലാം ത്രോയിൽ 82.86 മീറ്റർ. നിർണായകമായ അഞ്ചാം ത്രോയിലും നീരജ് ഫൗൾ ആവർത്തിച്ചതോടെ പ്രതീക്ഷകൾ അസ്തമിച്ചു.
അതേസമയം, ഫൈനൽ മത്സരത്തിൽ തനിക്കുണ്ടായ പിഴവുകൾ പരിശോധിച്ച് തിരുത്തുമെന്നും വിജയവഴിയിൽ തിരിച്ചെത്തുമെന്നും നീരജ് ചോപ്ര പറഞ്ഞു. പരിശീലനത്തിനിടെ പുറത്തിനു പരുക്കേറ്റിരുന്നു. അതിന്റെ വെല്ലുവിളികളെ അതിജീവിച്ച് ടോക്കിയോയിൽ മികച്ച പ്രകടനം നടത്താമെന്നാണ് കരുതിയത്. പക്ഷേ സാധിച്ചില്ല. ടെക്നിക്കുകൾ മെച്ചപ്പെടുത്താൻ കൂടുതൽ പരിശീലനം നടത്തുമെന്നും നീരജ് പറഞ്ഞു.