ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് പേസർ ജസ്പ്രീത് ബുംമ്ര ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട്. ജോലിഭാരത്തെ തുടർന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് ബുംമ്ര പിൻമാറിയതെന്നാണ് വിവരം. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കുന്നതിനൊപ്പം നായകസ്ഥാനവും ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് ബുംമ്ര ബിസിസിഐയെ അറിയിച്ചത്. ഇതോടെ ശുഭ്മൻ ഗിൽ അല്ലെങ്കിൽ റിഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
രോഹിത് ശർമ വിരമിച്ചതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് കൂടുതലായി പരിഗണിക്കുന്നത് ശുഭ്മൻ ഗില്ലിന്റെ പേരാണ്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ പേര് ഉപനായകസ്ഥാനത്തേയ്ക്കും പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ വിദേശമണ്ണിലടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടുള്ളതിനാൽ ഗില്ലിനെ മറികടന്ന് റിഷഭ് പന്തിന്റെ പേര് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ഉയർന്നുവരുന്നുണ്ട്.