
ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. സൂപ്പർ ഫോറിലെ മത്സരത്തിനിടെ ‘6–0’ എന്ന് ആംഗ്യം കാണിച്ച പാക്കിസ്ഥാൻ താരം ഹാരിസ് റൗഫിന് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുമ്ര അതേ രീതിയുൽ മറുപടി നൽകി. കഴിഞ്ഞ കളിയിൽ ഹാരിസ് റൗഫ് ഉയർത്തിയ വിമാനം റൗഫിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ, താഴത്തേക്ക് മൂക്കുംകുത്തി നിലംപതിക്കുന്ന ആംഗ്യം കാണിച്ചാണ് ബുമ്ര ആഘോഷിച്ചത്.
ഫൈനലിൽ നാലു പന്തുകൾ നേരിട്ട ഹാരിസ് റൗഫ് ആറു റൺസ് മാത്രമെടുത്താണു പുറത്തായത്. ബുമ്രയെറിഞ്ഞ 18–ാം ഓവറിലെ അഞ്ചാം പന്തിൽ റൗഫിന്റെ വിക്കറ്റ് തെറിച്ചു. തൊട്ടുപിന്നാലെയായിരുന്നു ബുമ്രയുടെ ആഘോഷ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ ബൗണ്ടറി ലൈനിനു സമീപം ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ഹാരിസ് റൗഫിന്റെ വിവാദ ആക്ഷനുകൾ. ‘6–0’ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച ഹാരിസ് റൗഫ്, വിമാനം വീഴ്ത്തുന്നതും അഭിനയിച്ചു കാണിച്ചിരുന്നു. ഇതിന് ഗ്രൗണ്ടിലെ മോശം പ്രകടനത്തിന്റെ പേരിൽ ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിനിടെ ആറ് യുദ്ധ വിമാനങ്ങൾ വീഴ്ത്തിയതായി പാക്കിസ്ഥാൻ സർക്കാർ അവകാശപ്പെട്ടിരുന്നു.