

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും തന്നെ തഴയുന്നതിനെ സംബന്ധിച്ച് പ്രതികരിച്ച് ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി. രഞ്ജി ട്രോഫിയിൽ ബംഗാളിനുവേണ്ടി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ വാക്കുകൾ. എനിക്കിപ്പോൾ ഒരു വില്ലൻ പരിവേശം ആയിക്കഴിഞ്ഞുവെന്നാണ് ഷമി പറയുന്നത്.
"എല്ലായ്പ്പോഴും ഞാൻ വിവാദത്തിന് നടുവിലാണ്. നിങ്ങൾ എന്നെ ഒരു വില്ലനാക്കി കഴിഞ്ഞു. എനിക്കിനി എന്ത് ചെയ്യാനാവും? ഈ കാലഘട്ടത്തിൽ സമൂഹമാധ്യമങ്ങൾ എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്." - മാധ്യമങ്ങളോട് ഷമി പറഞ്ഞു.
"നല്ല പ്രകടനം പുറത്തെടുക്കുക എന്നതാണ് എന്റെ ജോലി. അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ എന്റെ ഏറ്റവും ബെസ്റ്റ് പുറത്തെടുക്കും. ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിൽ ആണ്. ബംഗാൾ ആണ് എന്റെ വീട്. ബംഗാളിന് വേണ്ടി കളിക്കുന്ന ഓരോ മത്സരവും എനിക്ക് നല്ല ഓർമകളാണ്."
"പ്രതിസന്ധി ഘട്ടം അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ വലിയ ആത്മസംതൃപ്തി ലഭിക്കും. ലോകകപ്പിന് ശേഷം എല്ലാം ദുഷ്കരവും വേദനാജനകവുമായിരുന്നു. പക്ഷേ പിന്നെ ഞാൻ രഞ്ജി ട്രോഫി കളിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റും ഐപിഎല്ലും ദുലീപ് ട്രോഫിയും കളിച്ചു. ഇപ്പോൾ ഞാൻ ഫിറ്റ്നസ് വീണ്ടെടുത്ത് കഴിഞ്ഞു. ഇനിയും ഇന്ത്യക്കായി ഒരുപാട് മത്സരം കളിക്കാനാവും." - മുഹമ്മദ് ഷമി വ്യക്തമാക്കി.
2023 ലെ ഏകദിന ലോകകപ്പിന് ശേഷം ഒരു വർഷത്തോളം ഷമി ഇന്ത്യൻ ടീമിന് പുറത്ത് നിന്നു. പിന്നെ ചാംപ്യൻസ് ട്രോഫിയിൽ ആണ് ഷമി ദേശിയ ടീമിനായി അവസാനം കളിച്ചത്. 'ഫിറ്റ്നസ് വീണ്ടെടുത്തു എന്ന് അറിയിച്ചാൽ മാത്രമാണ് സ്ക്വാഡിലേക്ക് പരിഗണിക്കുക' എന്ന സെലക്ഷൻ കമ്മറ്റി ചെയർമാൻ അജിത് അഗാർക്കറുടെ വാക്കുകൾ വിവാദമായിരുന്നു. 'ഫിറ്റ്നസ് വീണ്ടെടുത്തത് അറിയിക്കേണ്ടത് തന്റെ ജോലിയല്ല' എന്ന് പറഞ്ഞ് ഷമി തിരിച്ചടിക്കുകയും ചെയ്തിരുന്നു.