
തിരുവനന്തപുരം: സംസ്ഥാന, ദേശീയ ടീമുകളിലും ഐപിഎലിലും കളിക്കണമെങ്കിൽ യുവതാരങ്ങൾക്ക് തന്റേടം കൂടി വേണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കെസിഎൽ ടീം അവതരണ ചടങ്ങിൽ യുവതാരങ്ങൾക്കുള്ള ഉപദേശം എന്തെന്ന ചോദ്യത്തിനായിരുന്നു മസിൽ കാട്ടിയുള്ള സഞ്ജുവിന്റെ രസകരമായ മറുപടി.
"നാട്ടുകാരും കൂട്ടുകാരുമൊക്കെ ചിലപ്പോൾ ഞാൻ പണ്ടത്തെപ്പോലെ അല്ലെന്നും കുറച്ച് അഹങ്കാരമുണ്ടെന്നും പറയാറുണ്ട്. ആത്മവിശ്വാസമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങരുത്. ആത്മവിശ്വാസം അഹങ്കാരമായാലും കുഴപ്പമില്ല. എന്നാൽ ഗ്രൗണ്ടിന് പുറത്ത് വിനയമുള്ളവരുമാകണം." - സഞ്ജു പറഞ്ഞു. ‘‘ആ അഹങ്കാരം നിങ്ങളെ ഒരിക്കൽ ഇതുപോലൊരു വേദിയിലെത്തിക്കും. അതിനുള്ള ആത്മവിശ്വാസമാണു വേണ്ടത്.’’– സഞ്ജു വ്യക്തമാക്കി.
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വൈസ് ക്യാപ്റ്റനാണ് സഞ്ജു സാംസൺ. സഞ്ജുവിന്റെ സഹോദരൻ സാലി സാംസണാണ് കൊച്ചി ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം കെസിഎ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ സച്ചിൻ ബേബി നയിച്ച കെസിഎ പ്രസിഡന്റ്സ് ടീമിനെതിരെ സഞ്ജു അർധ സെഞ്ചറി നേടിയിരുന്നു.