
ഓസ്‌ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനം കൈയ്യടക്കി ഒരു നായ. മത്സരം തടസപ്പെടുത്തിയായിരുന്നു നായയുടെ എൻട്രി. നായയെ ഗ്രൗണ്ടിൽ നിന്ന് ഓടിക്കാൻ ഓസ്‌ട്രേലിയൻ താരങ്ങൾ പതിനെട്ടടവും പയറ്റി നോക്കിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മത്സരം സംപ്രേക്ഷണം ചെയ്യുന്ന ബ്രോഡ്കാസ്റ്ററുടെ ഡ്രോൺ ഉപയോഗിച്ചാണ് നായയെ മൈതാനത്തു നിന്ന് തുരത്തിയത്.
മത്സരത്തിന്റെ 33-ാം ഓവറിലായിരുന്നു സംഭവം. അപ്പോൾ വിൻഡീസ് നാലിന് 124 റൺസെന്ന നിലയിലായിരുന്നു. പെട്ടെന്നാണ് മൈതാനത്തേക്ക് നായ കടന്നുവന്നത്. ഡീപ് കവർ ഏരിയയിലൂടെയാണ് കറുത്ത നായ മൈതാനത്ത് പ്രവേശിച്ചത്. പിന്നീട് അവിടെ തന്നെ നായ നിലയുറപ്പിക്കുകയും ചെയ്തു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് മത്സരം സംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഓപ്പറേറ്റർ ഡ്രോൺ നായയുടെ പിന്നാലെ പറത്തുകയായിരുന്നു. ഡ്രോണിന്റെ ശബ്ദം കേട്ട് പേടിച്ച നായ വൈകാതെ സ്ഥലം വിട്ടു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയിയൽ വൈറലായിക്കഴിഞ്ഞു.