ഐപിഎലിൽ ഇനി കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി എംഎസ് ധോണി. നാലഞ്ച് മാസത്തെ ഓഫ് സീസണിൽ ഇക്കാര്യം തീരുമാനിക്കുമെന്നാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തിന് ശേഷം ധോണി പറഞ്ഞത്.
കഴിഞ്ഞ മൂന്ന്, നാലു സീസണുകളായി ധോണി എല്ലാ വർഷവും ഇത് തന്നെയാണ് പറയാറുള്ളത്. ഏതാനും വർഷങ്ങളായി താരത്തിൻ്റെ കാൽമുട്ട് അത്ര നല്ല നിലയിലല്ല. അതുകൊണ്ട് തന്നെ വളരെ കുറച്ച് ഓവറുകളേ ധോണി ബാറ്റ് ചെയ്യാറുള്ളൂ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും ഇനി ഐപിഎൽ കളിക്കുമോ എന്ന ചോദ്യം ധോണി നേരിടുന്നത്.
"ഞാൻ കളി നിർത്തിയെന്ന് പറയുന്നില്ല. ഇനി കളിക്കുമെന്നും പറയുന്നില്ല. എനിക്ക് ഒരുപാട് സമയമുണ്ട്. അതുകൊണ്ട് ആലോചിച്ച് തീരുമാനിക്കാമല്ലോ. എനിക്ക് ഇക്കാര്യം തീരുമാനിക്കാൻ നാലഞ്ച് മാസത്തെ സമയമുണ്ട്. വേഗത്തിൽ തീരുമാനിക്കേണ്ട ആവശ്യമില്ല."- ധോണി പറഞ്ഞു.
"പ്രകടനങ്ങളല്ല എല്ലായ്പ്പോഴും പരിഗണിക്കപ്പെടുന്നത്. പ്രകടനങ്ങളുടെ പേരിൽ താരങ്ങൾ വിരമിക്കാൻ തുടങ്ങിയാൽ ചിലർ 22ആം വയസിൽ വിരമിക്കും. എത്ര ഫിറ്റ് ആണെന്നതാണ് കാര്യം. ടീമിന് നൽകുന്ന സംഭാവനകളാണ് കാര്യം."- അദ്ദേഹം കൂട്ടിച്ചേർത്തു.
"എല്ലാ വർഷവും ശരീരം ഫിഫ്റ്റ് ആയി സൂക്ഷിക്കാൻ 15 ശതമാനത്തിലധികം എഫർട്ടാണ് എടുക്കുന്നത്. ഇത് പ്രൊഫഷണൽ ക്രിക്കറ്റാണ്. റാഞ്ചിയിൽ തിരികെ പോയി കുറച്ച് ബൈക്ക് റൈഡുകൾ ആസ്വദിച്ച് ഏതാനും മാസങ്ങളെടുത്ത് തീരുമാനിക്കാനുള്ള സമയമുണ്ട്."- അദ്ദേഹം വിശദീകരിച്ചു.