''200 നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്''; മഞ്ജരേക്കറെ ട്രോളി വികാസ് കോലി | IPL

മഞ്ജരേക്കറിന്റെ സ്ട്രൈക്ക് റേറ്റ് 64.31; ഐപിഎൽ സീസണിലെ മികച്ച 10 ബാറ്റർമാരുടെ കൂട്ടത്തിൽ നിന്ന് കോലിയെ ഒഴിവാക്കുമെന്ന പരാമർശത്തിനെതിരെ വികാസ് കോലി
Vikas Kohli
Published on

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ വിരാട് കോലിയുടെ പ്രകടനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനെ പരിഹസിച്ച്, വിരാടിന്റെ സഹോദരൻ വികാസ് കോലി. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് വികാസ് കോലിയുടെ പരിഹാസം. വിരാട് കോലി തന്റെ നല്ല കാലം പിന്നിട്ടുവെന്നും ഈ ഐപിഎൽ സീസണിലെ മികച്ച 10 ബാറ്റർമാരുടെ കൂട്ടത്തിൽ നിന്ന് കോലിയെ ഒഴിവാക്കുമെന്നുമുള്ള മഞ്ജരേക്കറിന്റെ പരാമർശമാണ് വികാസ് കോലിയെ ചൊടിപ്പിച്ചത്.

‘‘സഞ്ജയ് മഞ്ജരേക്കർ. ഏകദിന കരിയറിലെ സ്ട്രൈക്ക് റേറ്റ് – 64.31. 200നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്." – വികാസ് കോലി കുറിച്ചു.

ഐപിഎൽ 18–ാം സീസണിൽ ഒരുപിടി യുവതാരങ്ങളുടെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തിയും, അവരുടെ സ്ട്രൈക്ക് റേറ്റ് ചൂണ്ടിക്കാട്ടിയും സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തിയിരുന്നു. ഈ സീസണിൽ 250 റൺസിനു മുകളിൽ നേടിയ യുവതാരങ്ങളിൽ 150നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ളവരെ ഉയർത്തിക്കാട്ടിയായിരുന്നു മഞ്ജരേക്കറിന്റെ പോസ്റ്റ്.

ബാറ്റിങ്ങിന്റെ കാര്യത്തിൽ ഈ പട്ടികയാണ് പ്രധാനം. മികച്ച സ്ട്രൈക്ക് റേറ്റോടെ വലിയ സ്കോറുകൾ നേടിയ താരങ്ങൾ എന്ന് ചൂണ്ടിക്കാട്ടി പട്ടികയും കൊടുത്തിരുന്നു.

നിക്കോളാസ് പുരാൻ– 205 സ്ട്രൈക്ക് റേറ്റിൽ 377 റൺസ്

പ്രിയാൻഷ് ആര്യ – 202 സ്ട്രൈക്ക് റേറ്റിൽ 254 റൺസ്

ശ്രേയസ് അയ്യർ – 185 സ്ട്രൈക്ക് റേറ്റിൽ 263 റൺസ്

സൂര്യകുമാർ യാദവ് – 167 സ്ട്രൈക്ക് റേറ്റിൽ 373 റൺസ്

ജോസ് ബട്‍ലർ – 166 സട്രൈക്ക് റേറ്റിൽ 364 റൺസ്

മിച്ചൽ മാർഷ് – 161 സ്ട്രൈക്ക് റേറ്റിൽ 344 റൺസ്

ട്രാവിസ് ഹെഡ് – 159 സ്ട്രൈക്ക് റേറ്റിൽ 261 റൺസ്

ഹെൻറിച് ക്ലാസൻ – 157 സ്ട്രൈക്ക് റേറ്റിൽ 288 റൺസ്

കെ.എൽ. രാഹുൽ – 154 സ്ട്രൈക്ക് റേറ്റിൽ 323 റൺസ്

ശുഭ്മൻ ഗിൽ – 153 സ്ട്രൈക്ക് റേറ്റിൽ 305 റൺസ്

ഏപ്രിൽ 26ന് മഞ്ജരേക്കർ പങ്കുവച്ച ഈ കുറിപ്പിൽ വിരാട് കോലിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതുവരെ 10 മത്സരങ്ങൾ കളിച്ച വിരാട് കോലി 138.87 സ്ട്രൈക്ക് റേറ്റിൽ 443 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കെയാണ് മഞ്ജരേക്കറിന്റെ പോസ്റ്റ്. ഈ സാഹചര്യത്തിലാണ് കടുത്ത പരിഹാസവുമായി വികാസ് കോലി രംഗത്ത് വന്നത്.

Related Stories

No stories found.
Times Kerala
timeskerala.com