‘‘സഞ്ജുവിനെ കൈവിട്ടാൽ അത് രാജസ്ഥാന് ദുരന്തമാകും, ഒരു ബാറ്ററായെങ്കിലും നിലനിർത്തുന്നതാണ് നല്ലത്"; ശ്രീകാന്ത് | Rajasthan Royals
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന വാർത്തകൾക്കിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ ഒരു ബാറ്ററായെങ്കിലും ടീമിൽ നിലനിർത്തുന്നതാണ് രാജസ്ഥാന് നല്ലതെന്നും അല്ലാത്ത പക്ഷം ദുരന്തമാകുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.
‘‘റിപ്പോർട്ടുകൾ നോക്കുകയാണെങ്കിൽ ദ്രാവിഡും സഞ്ജുവും തമ്മിൽ അവിടെ ഉടക്കുണ്ട്. അതിനെക്കുറിച്ച് പൂർണമായി എനിക്കറിയില്ല. രാജസ്ഥാൻ റോയൽസ് ടീം ബിൽഡ് ചെയ്തിരിക്കുന്നത് തന്നെ സഞ്ജുവിനെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് സഞ്ജുവിനെ കൈവിട്ടാൽ ടീം ബാലൻസ് നശിക്കും. റ്യാൻ പരാഗിനെ ക്യാപ്റ്റനാക്കണമോ വേണ്ടയോ എന്നത് അവരുടെ ചോയ്സാണ്. പക്ഷേ സഞ്ജുവിനെ ഒരു ബാറ്ററായെങ്കിലും നിലനിർത്തുന്നതാണ് അവർക്ക് നല്ലത്.’’
‘‘സത്യസന്ധമായി പറഞ്ഞാൽ സഞ്ജു ഒരു മികച്ച താരമാണ്. ചെന്നൈയിൽ അദ്ദേഹത്തിന് വലിയ ജനപ്രീതിയും ബ്രാൻഡ് ഇമേജുമുണ്ട്. ഇങ്ങോട്ട് വരുമെങ്കിൽ അവനെ ആദ്യം വാങ്ങുന്നയാൾ ഞാനാകും. ധോണിക്ക് പറ്റിയ പകരക്കാരനാണ് സഞ്ജു. ധോണി ഒരു പക്ഷേ ഈ സീസൺ കൂടി കളിച്ചേക്കും. അതിന് ശേഷം തലമുറമാറ്റത്തിന് ശ്രമിക്കുമ്പോൾ അനുയോജ്യനാണ് സഞ്ജു. ഇനി ഋതുരാജ് ഗ്വെയ്ക്‍വാദിനെ ക്യാപ്റ്റനാക്കാനാണ് പ്ലാൻ എങ്കിൽ അതിൽ തന്നെ തുടരുന്നതാണ് നല്ലത്.’’ -ശ്രീകാന്ത് പറഞ്ഞു.