വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിൽ പ്രതികരിച്ച് മുൻ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർ. ഒത്തിരി വർഷം കോഹ്ലിക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും താരത്തിനൊപ്പം ഒരു ടീമിൽ കളിക്കണമെന്നുള്ളത് പൂർത്തിയാക്കാൻ സാധിക്കാതെപോയ സ്വപ്നമായി തുടരുമെന്നും വാർണർ പറഞ്ഞു
"ഫോർമാറ്റിന്റെ ഒരു മികച്ച അംബാസിഡർ ആയിരുന്നു വിരാട് കോഹ്ലി. കാരണം നിങ്ങൾ കാണുന്ന കഠിനാധ്വാനികളായ കളിക്കാരിൽ പ്രധാനപ്പെട്ടയാളാണ് വിരാട്. ഞങ്ങൾ എതിർ ടീമില്‍ ഒരുപാട് കളിച്ചിട്ടുണ്ട്. പക്ഷേ ഞാൻ എപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനോഭാവത്തെയും ആത്മവിശ്വാസത്തെയും ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. സത്യത്തിൽ വിരാടിനൊപ്പം ഒരേ ടീമിൽ ഒരിക്കലെങ്കിലും കളിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിരാടിനൊപ്പം പൂർത്തീകരിക്കാൻ കഴിയാത്ത ഒരാഗ്രഹമായി എന്നും എൻ്റെ ഉള്ളിൽ അതുണ്ടാകും." - റേവ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ഡേവിഡ് വാർണർ പറഞ്ഞു.
വിരാട് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നെന്ന വാർത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ 14 വര്‍ഷത്തെ ഐതിഹാസിക കരിയറിനാണ് വിരാട് വിരാമമിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യയുടെ മുന്‍ നായകന്‍ ആരാധകരെ അറിയിച്ചത്.