Afridi

ആ ക്യാച്ച് ഔട്ടല്ല, ഐപിഎലിൽ അംപയറാകാൻ വേണ്ടി തേർഡ് അംപയർ ഇന്ത്യയ്ക്ക് അനുകൂലമായി വിധിച്ചു; മത്സരത്തിൽ നിർണായകമായത് ഫഖർ സമാന്റെ വിക്കറ്റ് ; ആരോപണവുമായി പാക്ക് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി | Asia Cup

ഫഖർ സമാന്റെ പുറത്താകലിൽ പാക്കിസ്ഥാൻ ടീം ഔദ്യോഗികമായി പരാതി നൽകി, മാച്ച് റഫറിക്കും അംപയർക്കും കത്തയച്ചു
Published on

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിൽ ഫഖർ സമാനെ പുറത്താക്കാൻ അംപയർമാർ ബോധപൂർവം ശ്രമിച്ചതായി പാക്ക് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ ആരോപണം. ആ മത്സരത്തിൽ ഫഖർ സമാന്റെ വിക്കറ്റ് പോയില്ലെങ്കിൽ കളിയുടെ ​ഗതി മാറിയേനെയെന്നും മത്സരത്തിൽ നിർണായകമായത് ആ വിക്കറ്റാണെന്നും പാക് താരങ്ങളും പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഫഖർ സമാനെ ഹാർദിക് പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്താണു പുറത്താക്കിയത്. ക്യാച്ചെടുക്കുന്ന സമയത്ത് സഞ്ജുവിന്റെ ഗ്ലൗ മുഴുവൻ പന്തിന് അടിയിൽ ഉണ്ടായിരുന്നെങ്കിലും പാക്ക് താരങ്ങൾക്ക് ഇപ്പോഴും സംശയത്തിലാണ്. പുറത്തായതു വിശ്വസിക്കാതിരുന്ന ഫഖർ സമാൻ ഗ്രൗണ്ടിൽ തുടർന്നെങ്കിലും റീപ്ലേകൾ പരിശോധിച്ച ശേഷം തേർഡ് അംപയർ ഔട്ട് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ ഫഖർ സമാന്റേത് ഔട്ട് അല്ലെന്നാണ് അഫ്രീദി പറയുന്നത്. ഐപിഎലിൽ അംപയറാകാൻ താൽപര്യമുള്ളതിനാൽ, തേർഡ് അംപയർ ഇന്ത്യയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നെന്ന് അഫ്രീദി ഒരു പാക്ക് ചാനലിലെ ചർച്ചയിൽ പറഞ്ഞു. പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫും അഫ്രീദിയുടെ വാദത്തെ പിന്തുണച്ചു. ‘‘അവർ എല്ലാ ആംഗിളുകളും പരിശോധിച്ചില്ല. ഫഖർ സമാൻ മൂന്നു ഫോറുകൾ അടിച്ചു. ബുമ്രയെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ വിക്കറ്റ് മത്സരത്തിൽ നിർണായകമായി.’’– യൂസഫ് വ്യക്തമാക്കി.

അതേസമയം, ഫഖർ സമാനെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് മുൻ പാക്ക് പേസർ ശുഐബ് അക്തറും പ്രതികരിച്ചിരുന്നു. 26 ക്യാമറകൾ ഗ്രൗണ്ടിൽ ഉണ്ടായിട്ടും അംപയർ ഒന്നു മാത്രമാണു പരിശോധിച്ചതെന്നും അക്തർ ആരോപിച്ചു. ഫഖർ സമാന്റെ പുറത്താകലിൽ പാക്കിസ്ഥാൻ ടീം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പാക്ക് ടീം മാനേജർ നവീദ് അക്രം ചീമ മാച്ച് റഫറിക്കും അംപയർക്കും കത്തയച്ചു. ലഭ്യമായ എല്ലാ ആംഗിളുകളും പരിശോധിക്കാൻ അംപയർമാർ തയാറായില്ലെന്ന് പിസിബി പരാതിയിൽ പറയുന്നു.

Times Kerala
timeskerala.com