
ഇ–സ്പോർട്സ് വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെ രണ്ടാം ഗെയിമിൽ മുൻ ലോക ചാംപ്യൻ കാൾസൻ സമനില ഓഫർ മുന്നോട്ടുവച്ചെങ്കിലും മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ അതു നിരസിച്ചത് കൗതുകമായി. മാഗ്നസിന്റെ പ്രതികരണം പുഞ്ചിരിയിൽ ഒതുങ്ങിയെങ്കിലും ഗെയിം അദ്ദേഹം തന്നെ സ്വന്തമാക്കി.
മൂന്നു ഗെയിമുകൾ നീണ്ട ക്വാർട്ടർ ഫൈനലിലെ ആദ്യ ഗെയിമിൽ മാഗ്നസ് കാൾസനെ നിഹാൽ സമനിലയിൽ പിടിച്ചിരുന്നു. ഇരുവരും അരപ്പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കെയാണു രണ്ടാം ഗെയിമിന്റെ പകുതിയിൽ സമനില ഓഫർ വന്നത്. വാശിയേറിയ ഗെയിം ജയിച്ചതോടെ മുൻതൂക്കം കാൾസനായി. മൂന്നാം ഗെയിമിലും വിജയം നേടിയതോടെ കാൾസൻ സെമിയുറപ്പിച്ചു.