ഐഎസ്എൽ: മത്സരങ്ങൾക്ക് ഒക്ടോബർ 24ന് തുടക്കമാകുമെന്ന് വിവരം | ISL

വേദികളുടെ ലഭ്യത പരിശോധിക്കാൻ ക്ലബ്ബുകൾക്ക് നിർദേശം നൽകി എഐഎഫ്എഫ്
ISL
Published on

ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവി‍ൽ ഒക്ടോബർ 24ന് ഐഎസ്എൽ ഫുട്ബോൾ പന്ത്രണ്ടാം സീസണ് തുടക്കമാകുമെന്ന് വിവരം. ഒക്ടോബർ അവസാനത്തോടെ മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനം. ഇതിനായി വേദികളുടെ ലഭ്യത പരിശോധിക്കാൻ ക്ലബ്ബുകൾക്ക് അഖിലേന്ത്യാ ഫുട്ബോൾ‌ ഫെഡറേഷൻ (എഐഎഫ്എഫ്) നിർദേശം നൽകി. ലീഗിന്റെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ (എംആർഎ) കാര്യത്തിൽ ഈ സീസൺ അവസാനം വരെ തൽസ്ഥിതി തുടരാൻ എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ക്ലബ്ബുകൾക്ക് നിർദ്ദേശം നൽകിയത്.

തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന യോഗത്തിൽ ധാരണയായ തീരുമാനങ്ങളും ഈ സീസണിലെ ലീഗ് നടത്തിപ്പിനായുള്ള നിർദേശങ്ങളും ഫെഡറേഷൻ നാളെ സുപ്രീംകോടതിയെ അറിയിക്കും. ഇതിനു മുൻപ് എഫ്ഡിഎസ്എലുമായുള്ള അവസാന യോഗം ഇന്നു നടക്കും. ഐഎസ്എൽ എന്നു തുടങ്ങുമെന്ന ഔദ്യോഗിക പ്രഖ്യാപനം യോഗത്തിനു ശേഷമുണ്ടാകും. ഐഎസ്എൽ കരാർ സംബന്ധിച്ച് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കകം പരിഹാരം കാണണമെന്ന സുപ്രീംകോടതി നിർദേശമാണ് നിർണായകമായത്.

പുതിയ സീസണിൽ ഐഎസ്എലിനു വേദികൾ കുറവായിരിക്കും. ഒക്ടോബർ അവസാനം മത്സരങ്ങൾ ആരംഭിച്ച് മാർച്ച്–ഏപ്രിൽ മാസങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ മത്സരങ്ങൾ നടത്താനാണ് നിലവിലെ ധാരണ. ചെലവ് കുറയ്ക്കാനാണ് ഈ ക്രമീകരണം. കൊച്ചി ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങളിൽ നടക്കേണ്ട ഹോം മത്സരങ്ങളുടെ കാര്യത്തിലും ആശങ്കയുണ്ട്. ഐഎസ്എൽ സംപ്രേഷണാവകാശം ജിയോ ഹോട്സ്റ്റാറിനു പകരം മറ്റൊരു പ്ലാറ്റ്ഫോമിന് നൽകുമെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com