

സ്പോൺസറെ കിട്ടാതായതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഭാവി അനിശ്ചിതത്വത്തിൽ. ഐഎസ്എൽ സ്പോൺസർഷിപ്പിനായി ടെൻഡർ നൽകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ ഒരു കമ്പനി പോലും രംഗത്തെത്തിയില്ല. ഐഎസ്എലിന്റെ മുൻ സ്പോൺസറായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) അടക്കം 4 കമ്പനികൾ പ്രാഥമിക ഘട്ടത്തിൽ താൽപര്യമറിയിച്ച് പ്രീ-ബിഡ് കോൺഫറൻസിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇവരിലാരും അവസാനഘട്ടത്തിൽ ടെൻഡർ സമർപ്പിച്ചില്ല. ഇതോടെ, ഡിസംബറിൽ ഐഎസ്എൽ സീസൺ ആരംഭിക്കുമെന്ന അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രഖ്യാപനം അവതാളത്തിലായി.
പ്രതിവർഷം 37.5 കോടി രൂപ അല്ലെങ്കിൽ ആകെ വരുമാനത്തിന്റെ 5% നൽകണമെന്ന വ്യവസ്ഥയാണ് കമ്പനികളുടെ പ്രധാന തടസ്സമെന്നാണ് സൂചന. ഐഎസ്എലിന്റെ വിപണി സാധ്യതകൾ വിശകലനം ചെയ്യുമ്പോൾ ഫുട്ബോൾ ഫെഡറേഷന്റെ ആവശ്യം യാഥാർഥ്യത്തിന് വിരുദ്ധമാണെന്നാണ് വിമർശനം.
ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ലേല വ്യവസ്ഥകളിൽ ഇളവ് നൽകി വീണ്ടും ടെൻഡർ വിളിക്കുക എന്ന മാർഗ്ഗമാണ് ഇനി ഫുട്ബോൾ ഫെഡറേഷന്റെ മുന്നിലുള്ളത്. വീണ്ടും വ്യവസ്ഥകൾ പുതുക്കുന്നതോടെ ഐഎസ്എൽ തുടങ്ങാൻ 2 മാസമെങ്കിലും കാലതാമസം നേരിട്ടേക്കും.