ഇന്ത്യൻ പ്രിമിയർ ലീഗിൽ പഞ്ചാബ് ജഴ്സിയിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാത്തതുകൊണ്ടാണോ എന്ന ആരാധകന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി നടി. സമൂഹമാധ്യമ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഒരു ആരാധകൻ പ്രീതി സിന്റയോട് ചോദ്യം ഉന്നയിച്ചത്.
‘‘ക്രിക്കറ്റ് രംഗത്തേക്കു വരുന്നതുവരെ ഒരു കോർപറേറ്റ് സംവിധാനത്തിൽ പിടിച്ചുനിൽക്കാൻ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസം ഞാൻ മനസ്സിലാക്കിയിരുന്നില്ല. താങ്കൾ തമാശരൂപേണയാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് മനസ്സിലാക്കുന്നു. പക്ഷേ ആ ചോദ്യം ഒന്നു വിശദമായി പരിശോധിച്ച് വിലയിരുത്തുന്നത് നന്നായിരിക്കും. കാരണം, അതൊട്ടും സുഖകരമായ ഒന്നല്ല." – പ്രീതി സിന്റ കുറിച്ചു.
‘‘കഴിഞ്ഞ 18 വർഷം കഠിനാധ്വാനം ചെയ്താണ് ഞാൻ ഈ നിലയിലെത്തിയത്. അതുകൊണ്ട് ആ ബഹുമാനം എനിക്കു തരണം. മാത്രമല്ല, ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള തരംതിരിവും അവസാനിപ്പിക്കണം. നന്ദി." – പ്രീതി കുറിച്ചു.
സംഭവം വിവാദമായതോടെ ആരാധകൻ ചോദ്യം ഡിലീറ്റ് ചെയ്തു. എന്നാൽ, പ്രീതി സിന്റയുടെ മറുപടിയും സ്പോർട്സ് ടീമിന്റെ ഉടമസ്ഥത എന്ന പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും വലിയ ചർച്ചക്കിടയാക്കി.