ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഐപിഎൽ) ഇന്ന് വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുമ്രയുമായി പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റാഷിദ് ഖാനും മുഹമ്മദ് സിറാജും ഉൾപ്പെടെ ബോളിങ് നിരയെ തകർത്തടിച്ച് ഐപിഎലിലെ രണ്ടാമത്തെ അതിവേഗ സെഞ്ചറി കുറിച്ച വൈഭവ്, ഇന്ന് ബുമ്രയും ട്രെന്റ് ബോൾട്ടും നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ ബോളിങ് നിരയ്ക്കു മുന്നിലേക്ക്. ഇന്നത്തെ രാജസ്ഥാൻ റോയൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തെ ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
രാജസ്ഥാൻ റോയൽസിന്റെ തട്ടകമായ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റൻസിനെതിരെ വൈഭവിന്റെ ബാറ്റിങ് വിസ്ഫോടനം സംഭവിച്ചതും ഇതേ വേദിയിൽത്തന്നെയാണ്. പരിശീലനം പുനരാരംഭിച്ചെങ്കിലും പരുക്കിന്റെ പിടിയിൽനിന്ന് പൂർണമായും മോചിതനാകാത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്നും കളിക്കച്ചേക്കില്ല. ഈ സാഹചര്യത്തിൽ റയാൻ പരാഗ് തന്നെയാകും ടീമിന്റെ നായകൻ.