ഐ.പി.എൽ മിനി താരലേലം ഇന്ന് അബുദാബിയിൽ | IPL

77 സ്ഥാനങ്ങളിലേക്കായി 351 താരങ്ങളെയാണ് ലേലത്തിൽ വയ്ക്കുന്നത്.
IPL
Updated on

അബുദാബി: അടുത്ത ഐ.പി.എൽ സീസണിലേക്കുള്ള മിനി താരലേലം ഇന്ന് അബുദാബിയിൽ നടക്കും. മിക്ക ടീമുകളും തങ്ങളുടെ പ്രധാന താരങ്ങളെ നിലനിറുത്തിയിരിക്കുന്നതിനാൽ മറ്റ് താരങ്ങൾക്ക് വേണ്ടിയാകും ലേലം നടക്കുക. സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങളുടെ കൂടുമാറ്റവും ലേലത്തിന് മുമ്പ് പൂർത്തിയായിരുന്നു. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് സഞ്ജു പോയതിനാൽ ലേലത്തിലുണ്ടാവില്ല.

ലേലത്തിനുള്ള അന്തിമ പട്ടികയിൽ 351 കളിക്കാരെയാണ് ബി.സി.സി.ഐ ഉൾപ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റർ ചെയ്തിരുന്ന 1005 താരങ്ങളെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. രജിസ്റ്റർ ചെയ്യാതിരുന്ന 35 കളിക്കാരെ വിവിധ ഫ്രാഞ്ചൈസികളുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പരമ്പരകളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടെങ്കിലും ഇതുവരെ ഇന്ത്യൻ കുപ്പായമണിയാൻ അവസരം ലഭിച്ചിട്ടില്ലാത്ത അഭിമന്യു മിഥുനിനെ അവസാന നിമിഷം ബി.സി.സി.ഐ ലേലതാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ ടീമുകൾ നിലനിറുത്താതിരുന്ന പ്രമുഖ താരങ്ങൾ ലേലത്തിനുണ്ട്. കൊൽക്കത്തയിലായിരുന്ന ആന്ദ്രേ റസൽ, വെങ്കിടേഷ് അയ്യർ, ചെന്നൈയുടെ രചിൻ രവീന്ദ്ര, മതീഷ പതിരാന, രാജസ്ഥാൻ റോയൽസിലായിരുന്ന മഹീഷ് തീഷ്ണ, വാനിന്ദു ഹസരംഗ തുടങ്ങിയവരാണ് ലേലത്തിനുള്ള പട്ടികയിലെ സൂപ്പർ താരങ്ങൾ. നേരത്തേ പട്ടികയിൽ ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർ ക്വിന്റൺ ഡി കോക്ക് പട്ടികയിലുണ്ട്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഡി കോക്കിനെ ഉൾപ്പെടുത്തിയത്. അടുത്തിടെ വിരമിക്കൽ തീരുമാനം പിൻവലിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയിരുന്നു. ഒരു കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

കഴിഞ്ഞ നാലു സീസണുകളിലായി ഐ.പി.എൽ കളിച്ചിട്ടില്ലാത്ത ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഇക്കുറി ലേലത്തിനുണ്ട്. രണ്ടുകോടിയാണ് അടിസ്ഥാന വില.

ഇത്തവണ താരലേലത്തിൽ 11 മലയാളി താരങ്ങളാണുള്ളത്. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി മുംബൈ ഇന്ത്യൻസിലെത്തിയ വിഘ്‌നേഷ് പുത്തൂർ, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, കെ.എം ആസിഫ്, അഹമ്മദ് ഇമ്രാൻ, അബ്ദുൽ ബാസിത്ത്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായർ, അഖിൽ സ്‌കറിയ, എം. ഷറഫുദ്ദീൻ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ ജിക്കു ഒഴികെയുള്ളവർ കേരളത്തിനായി വിവിധ ഏജ് ഗ്രൂപ്പ് ദേശീയ ടൂർണമെന്റുകളിലും കെ.സി.എല്ലിലും കളിച്ചിട്ടുള്ളവരാണ്.

തിരുവനന്തപുരം വെള്ളറട സ്വദേശിയായ ജിക്കു മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളർമാരുടെ പട്ടികയിൽ ഉണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ആവശ്യപ്രകാരമാണ് ജിക്കുവിനെ ലേലത്തിൽ ഉൾപ്പെടുത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ജിക്കുവിനെ സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിച്ചിരുന്നു.

77 സ്ഥാനങ്ങളിലേക്കായാണ് 351 താരങ്ങളെ ലേലത്തിൽ വയ്ക്കുന്നത്. 237.55 കോടി രൂപയാണ് എല്ലാ ടീമുകൾക്കുമായി ലേലത്തിൽ ചെലവിടാനാകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് അബുദാബിയിൽ ലേലം തുടങ്ങുന്നത്. സ്റ്റാർ സ്‌പോർട്‌സിൽ ലൈവായി കാണാം.

ടീമുകളും തുകയും ഒഴിവുകളും

കൊൽക്കത്ത - 64.3, ചെന്നൈ - 43.4, ഹൈദരാബാദ് - 25.5, ലക്‌നൗ - 22.95, ഡൽഹി - 21.8, ആർ.സി.ബി - 16.4, രാജസ്ഥാൻ - 16.05, ഗുജറാത്ത് - 12.5, പഞ്ചാബ് - 11.5, മുംബയ് - 2.75

Related Stories

No stories found.
Times Kerala
timeskerala.com