അബുദാബി: 2025 ഐ.പി.എൽ. മെഗാ താരലേലത്തിൽ ശ്രീലങ്കൻ പേസർ മതീഷ പതിരാനയ്ക്കായി റെക്കോർഡ് ലേലം വിളി. നിലനിർത്താതെ ചെന്നൈ സൂപ്പർ കിംഗ്സ് കൈവിട്ട പതിരാനയെ വാശിയേറിയ ലേലം വിളിക്കൊടുവിൽ 18 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആർ.) സ്വന്തമാക്കി.(IPL Mega Auction, KKR acquire Matheesha Pathirana for 18 crores)
2 കോടി രൂപ അടിസ്ഥാന വിലയ്ക്ക് തുടങ്ങിയ ലേലം വിളിയിൽ തുടക്കത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഡൽഹി ക്യാപിറ്റൽസുമാണ് മത്സരിച്ചത്. ലഖ്‌നൗ 16 കോടി രൂപ മുടക്കാൻ തയ്യാറായതോടെ ഡൽഹി പിൻമാറി. 20 കോടി രൂപ മാത്രം കൈവശമുള്ളപ്പോഴാണ് ലഖ്‌നൗ 16 കോടി പതിരാനയ്ക്കായി മുടക്കാൻ തയ്യാറായത്.
പതിരാനയെ സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്ക ഇരിക്കുമ്പോഴാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മാസ് എൻട്രി. കൊൽക്കത്തയുമായി വാശിയേറിയ വിളിക്കൊടുവിൽ, ഒടുവിൽ 18 കോടി രൂപയ്ക്ക് ലങ്കൻ പേസറെ ലഖ്‌നൗ കൊൽക്കത്തക്ക് വിട്ടുകൊടുക്കാൻ തയ്യാറായി.