ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സീസണിലെ അവസാന മത്സരത്തിൽ നായകൻ ഋഷഭ് പന്തിന് സെഞ്ച്വറി. 61 പന്തിൽ 11 ഫോറും 8 സിക്‌സറും സഹിതം 118 റൺസുമായി പന്ത് പുറത്താകാതെ നിന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. മിച്ചൽ മാർഷ് അർധ സെഞ്ച്വറി(67)യുമായി ഋഷഭിന് പിന്തുണ നൽകി 2018 ൽ ഡൽഹി ക്യാപിറ്റൽസിൽ നിൽക്കെയാണ് താരം ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത്. പിന്നീട് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐപിഎലിൽ ഋഷഭ് വീണ്ടും 100 തികയ്ക്കുന്നത്. സെഞ്ച്വറിക്ക് പിന്നാലെ ഗ്രൗണ്ടിൽ മലക്കം മറിഞ്ഞാണ് പന്ത് ആഘോഷിച്ചത്.
മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ ആക്രമിച്ച് കളിച്ച പന്ത് സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തിൽ തന്റെ ഫേവറേറ്റ് ഷോട്ടുകളെല്ലാം കളിച്ചു. 3ാം ഓവറിൽ മാത്യൂ ബ്രീറ്റ്‌സ്‌കെ(14) മടങ്ങിയതോടെ വൺഡൗണായാണ് പന്ത് ക്രീസിലെത്തിയത്. തുടർന്ന് മാർഷിനെ കാഴ്ചക്കാരനാക്കി ആർസിബി ബൗളർമാരെ തകർത്തടിച്ചു. ഓസീസ് താരവും ട്രാക്കിലായതോടെ സ്‌കോർ കുതിച്ചു. ഇരുവരും ചേർന്ന് 152 റൺസാണ് രണ്ടാംവിക്കറ്റിൽ കൂട്ടിചേർത്തത്.
മോശം ഫോമിന്റെ പേരിൽ നിരന്തരം പഴികേട്ട പന്തിന് അവസാന മത്സരത്തിൽ സെഞ്ച്വറി നേടാനായത് വലിയൊരു ആശ്വാസമാണ്. പരുക്കിൽ നിന്ന് മോചിതനായെത്തിയ ശേഷം ടി20 യിൽ പന്തിന്റെ മികച്ച പ്രകടനമാണിത്. പവർപ്ലെ ഓവറുകളിൽ 55 റൺസ് നേടിയ എൽഎസ്ജി മധ്യ, ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ചതോടെയാണ് സ്‌കോർ 200 കടന്നത്.