
പാപ്പുവ ന്യൂഗിനിയ്ക്കായി രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ- ബാറ്റർ കിപ്ലിങ് ദോരിഗ മോഷണക്കേസിൽ ജയിലിൽ. പാപ്പുവ ന്യൂഗിനി ടീം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചാലെഞ്ച് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് യുകെയുടെ നിയന്ത്രണത്തിലുള്ള ജഴ്സിയിൽവച്ച് ദോരിഗയെ അറസ്റ്റ് ചെയ്തത്. കുറ്റവാളിയെന്നു കണ്ടെത്തിയതിനെ തുടർന്ന് താരത്തെ മൂന്നു മാസത്തെ കസ്റ്റഡിയിൽ വിട്ടു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികൾ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് റോയൽ കോർട്ടിലേക്കു മാറ്റി. നവംബര്‍ 28നാണ് കേസിന്റെ അടുത്ത ഹിയറിങ്. അതുവരെ താരത്തിന് ജയിലിൽ തുടരേണ്ടിവരും.
പാപ്പുവ ന്യൂഗിനി ക്രിക്കറ്റ് ബോർഡ് താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വിഷയത്തിൽ നിയമ സഹായം നല്‍കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. കുറ്റവാളിയല്ലെന്നു ബോധ്യപ്പെടുന്നതുവരെ ബോർഡ് താരത്തെ പിന്തുണയ്ക്കില്ലെന്നും അറിയിച്ചു. ടൂർണമെന്റിന്റെ ഭാഗമായി വെള്ളിയാഴ്ച ജഴ്സി ടീമും പാപ്പുവ ന്യൂഗിനിയും തമ്മിൽ മത്സരമുണ്ടായിരുന്നു.
97 ട്വന്റി20 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചിട്ടുള്ള താരമാണ് കിപ്ലിങ്. 2021, 2024 ട്വന്റി20 ലോകകപ്പ് ടീമുകളിലും അംഗമായിരുന്നു. രണ്ടു ടൂർണമെന്റുകളിലുമായി ഏഴു മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.