
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പരുക്കുണ്ടായിട്ടും വീണ്ടും ബാറ്റിങ്ങിനിറങ്ങി ചരിത്രം കുറിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡിൽ, ഋഷഭ് പന്ത്, വീരേന്ദർ സേവാഗിനൊപ്പമെത്തി. ഇരുവർക്കും 90 സിക്സുകൾ വീതമാണുള്ളത്. ഒരു സിക്സുകൂടി നേടിയാൽ പന്ത് സിക്സുകളുടെ എണ്ണത്തിൽ ഒന്നാമതെത്തും. രോഹിത് ശർമ (88), എം.എസ്. ധോണി (78), രവീന്ദ്ര ജഡേജ (74) എന്നിവരാണ് സിക്സുകൾ നേടിയ മുന്നിലുള്ള മറ്റ് ഇന്ത്യൻ താരങ്ങള്‍.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ഋഷഭ് പന്ത് 75 പന്തിൽ 54 റൺസെടുത്താണു പുറത്തായത്. രണ്ടു സിക്സുകളും മൂന്നു ഫോറുമാണ് മാഞ്ചസ്റ്ററിൽ പന്ത് നേടിയത്. മത്സരത്തിന്റെ ആദ്യ ദിവസം 37 റൺസെടുത്തു നിൽക്കെ ഋഷഭ് പന്ത് പരുക്കേറ്റു പുറത്തായിരുന്നു. ക്രിസ് വോക്സിന്റെ യോർക്കർ നേരിടുന്നതിനിടെ ബോൾ ഷൂസിലിടിച്ചാണ് ഋഷഭ് പന്തിനു പരുക്കേറ്റത്. താരത്തിന്റെ കാലിൽ നീരുവന്നതോടെ ആദ്യ ദിവസം കളി നിർത്തി മടങ്ങുകയായിരുന്നു. നടക്കാൻ ബുദ്ധിമുട്ടിയ താരത്തെ ഗോൾഫ് കാർട്ടിൽ കയറ്റിയാണു ഗ്രൗണ്ടിൽനിന്നും കൊണ്ടുപോയത്.
എന്നാൽ രണ്ടാം ദിവസം പ്രധാന ബാറ്റർമാരെല്ലാം പുറത്തായതോടെ പന്ത് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. അർധ സെഞ്ചറി നേടിയ ശേഷമാണ് ഋഷഭ് പന്ത് മടങ്ങിയത്. ജോഫ്ര ആർച്ചറുടെ പന്തിൽ ഋഷഭ് ബോൾഡാകുകയായിരുന്നു. പരുക്കു വകവയ്ക്കാതെ ഗ്രൗണ്ടിലിറങ്ങി തിളങ്ങിയ താരത്തെ കയ്യടികളോടെയാണ് മാഞ്ചസ്റ്ററിലെ ആരാധകർ മടക്കി അയച്ചത്.