ഫൈനലിൽ ഫിൽ സാൾട്ട് ഉണ്ടാകില്ലെന്ന് സൂചന; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വൻ തിരിച്ചടി | IPL

എതിർ ടീമിനെ ആശയക്കുഴപ്പത്തിലാക്കാൻ ടീം പരിശീലകൻ ആൻഡി ഫ്ലവറിന്റെ തന്ത്രമാണ് ഇതെന്നും സംശയം
Phil Salt
Published on

ഐപിഎൽ ഫൈനലിൽ ഫിൽ സാൾട്ട് ആർസിബി ടീമിലുണ്ടാവില്ലെന്ന് സൂചന. തൻ്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം മാറിനിൽക്കുമെന്നാണ് സൂചന. ജൂൺ രണ്ടിന് വൈകുന്നേരം നടന്ന ബെംഗളൂരു ടീമിൻ്റെ പരിശീലനത്തിൽ ഫിൽ സാൾട്ട് ഉണ്ടായിരുന്നില്ല.

തൻ്റെ ആദ്യ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് പങ്കാളിയ്ക്കൊപ്പമാണ് സാൾട്ട് എന്നാണ് വിവരം. എന്നാൽ, ടീം പരിശീലകൻ ആൻഡി ഫ്ലവറും ക്യാപ്റ്റൻ രജത് പാടിദാറും സാൾട്ടിൻ്റെ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്. ടീം ഇലവനുമായി ബന്ധപ്പെട്ട് ഫ്ലവർ ചില തന്ത്രങ്ങൾ സ്വീകരിക്കാറുണ്ട്. പരിക്കേറ്റ താരങ്ങളെപ്പോലും വാമപ്പ് ചെയ്യിക്കുന്നതടക്കം എതിർ ടീമിനെ തന്ത്രപരമായി ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് അദ്ദേഹത്തിൻ്റെ നടപടിക്രമങ്ങൾ. സാൾട്ട് പരിശീലനത്തിൽ പങ്കെടുക്കാതിരുന്നത് ഇത്തരത്തിൽ ഒരു തന്ത്രമാണോ എന്നും സംശയമുണ്ട്. സാൾട്ടിനൊപ്പം മറ്റ് ചില താരങ്ങൾ കൂടി പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല.

ഫൈനലിലെത്തിയ ആർസിബിയ്ക്കായി മികച്ച പ്രകടനങ്ങളാണ് ഇംഗ്ലണ്ട് താരമായ ഫിൽ സാൾട്ട് നടത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായിരുന്ന സാൾട്ട് ഇക്കഴിഞ്ഞ ലേലത്തിൽ 11.5 കോടി രൂപയ്ക്കാണ് ആർസിബിലെത്തിയത്. ഈ സീസണിൽ ബെംഗളൂരുവിനായി 12 മത്സരങ്ങളിൽ 35 ശരാശരിയും 176 സ്ട്രൈക്ക് റേറ്റും സൂക്ഷിച്ച് 387 റൺസാണ് നേടിയത്. സീസണിൽ താരം നാല് ഫിഫ്റ്റിയും നേടി.

Related Stories

No stories found.
Times Kerala
timeskerala.com