"എന്റെ സെഞ്ചറിയല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനം"; സെഞ്ചറി ആഘോഷിക്കാതെ പൊട്ടിക്കരഞ്ഞ് ജെമീമ- വിഡിയോ | Women's World Cup

134 പന്തുകൾ നേരിട്ട ജെമീമ 127 റൺസടിച്ചു പുറത്താകാതെ നിന്നു.
Jemima
Published on

തകർപ്പൻ സെഞ്ചറിയുടെ മികവിൽ ഇന്ത്യയെ ഏകദിന വനിതാ ലോകകപ്പ് ഫൈനലിലെത്തിച്ചതിനു പിന്നാലെ വൈകാരികമായ പ്രതികരണവുമായി ജെമീമ റോഡ്രിഗസ്. 339 റൺസെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന് നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു വിക്കറ്റ് വിജയം ഇന്ത്യ സ്വന്തമാക്കി. 134 പന്തുകൾ നേരിട്ട ജെമീമ 127 റൺസടിച്ചു പുറത്താകാതെ നിന്നു. ഹർമൻപ്രീത് കൗറുമായി ജെമീമ പടുത്തുയർത്തിയ 167 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്.

115 പന്തുകളിൽനിന്നാണ് ജെമീമ ലോകകപ്പിലെ ആദ്യത്തെയും ഏകദിന ഫോർമാറ്റിലെ മൂന്നാമത്തെയും സെഞ്ചറി സ്വന്തമാക്കിയത്. ആദ്യ മൂന്നു മത്സരങ്ങളിൽ മികച്ച സ്കോറുകൾ നേടാതായതോടെ ജെമീമയെ ഒരു മത്സരത്തിൽ ബിസിസിഐ പുറത്താക്കിയിരുന്നു. സെഞ്ചറി നേടിയ ശേഷം ബാറ്റുയർത്തിയും ഹെൽമറ്റൂരിയുമുള്ള ആഘോഷപ്രകടനങ്ങൾ‌ക്കും ജെമീമ നിന്നില്ല.

മത്സര ശേഷം ജെമീമ പറഞ്ഞു, "എന്റെ സെഞ്ചറി ഒന്നും കാര്യമല്ല. ഇന്ത്യയുടെ വിജയം മാത്രമായിരുന്നു എന്റെ ലക്ഷ്യം.’’ -ശേഷം ഗ്രൗണ്ടിൽവച്ചു പൊട്ടിക്കരഞ്ഞ ജെമീമ സഹതാരങ്ങളെ കെട്ടിപ്പിടിച്ചാണ് ആഘോഷിച്ചത്. പിന്നീട് സ്റ്റേഡിയത്തിലുണ്ടായിരുന്ന അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷം.

‘‘ഞാൻ ദൈവത്തിനു നന്ദി പറയുന്നു. എനിക്ക് ഒറ്റയ്ക്ക് ഇതു ചെയ്യാൻ സാധിക്കില്ല. അമ്മയ്ക്കും അച്‍ഛനും പരിശീലകനും എന്നെ വിശ്വസിച്ച എല്ലാവർക്കും നന്ദിയുണ്ട്. ഈ ദിവസങ്ങൾ വളരെയേറെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു. ബാറ്റിങ്ങിന് ഇറങ്ങുന്നതിന് അഞ്ചു മിനിറ്റ് മുൻപാണ് ഞാൻ മൂന്നാം നമ്പരിൽ ഇറങ്ങണമെന്നു പറയുന്നത്. ഞാൻ നേടിയ അർധ സെഞ്ചറിയോ, സെഞ്ചറിയോ ഒന്നുമല്ല, ഇന്ത്യയുടെ വിജയമായിരുന്നു പ്രധാനം.’’– ജെമീമ വ്യക്തമാക്കി.

"ബൈബിളിലെ തിരുവെഴുത്ത് അനുസരിക്കുകയാണു ഞാൻ ചെയ്തത്. നിശ്ചലമായി നിൽക്കുക, ദൈവം എനിക്കുവേണ്ടി യുദ്ധം ചെയ്യും. ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി. ഈ ടൂർണമെന്റിനിടെ ഞാൻ ഏറക്കുറെ എല്ലാ ദിവസവും കരയുമായിരുന്നു. എനിക്കു നന്നായി കളിക്കാൻ സാധിച്ചിരുന്നില്ല. മികച്ച പ്രകടനം നടത്തിയെങ്കിലും ശാന്തമായി ഇരിക്കാനായിരുന്നു എന്റെ ശ്രമം. എന്നാൽ ഇന്ത്യ വിജയിച്ചപ്പോൾ മാത്രം അതിനു സാധിച്ചില്ല. ഞാൻ വീണുപോകുമെന്നു തോന്നിയപ്പോൾ, സഹതാരങ്ങൾ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതാണ് വിജയം വരെയെത്താൻ കരുത്തായത്." - ജെമീമ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com