കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ നാണംകെട്ട തോൽവി. 124 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ വെറും 93 റൺസിന് ഓൾ ഔട്ടായി. ഇതോടെ, രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. 15 വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഈഡൻ ഗാർഡൻസിൽ 13 വർഷത്തിനുശേഷം ഇന്ത്യ തോൽക്കുന്ന ആദ്യ ടെസ്റ്റാണിത്.(India's Shameful defeat to South Africa in Kolkata)
ഗംഭീർ പരിശീലകനായ ശേഷം നാട്ടിൽ കളിച്ച ആറ് ടെസ്റ്റുകളിൽ ഇന്ത്യയുടെ നാലാമത്തെ തോൽവിയാണിത്. രണ്ട് ഇന്നിംഗ്സുകളിലുമായി 8 വിക്കറ്റെടുത്ത സൈമൺ ഹാർമർ. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നവംബർ 22 ന് ഗുവാഹത്തിയിൽ ആരംഭിക്കും. ദക്ഷിണാഫ്രിക്ക 159, 153. ഇന്ത്യ 189, 93/9 (ശുഭ്മാൻ ഗിൽ ബാറ്റിംഗിനിറങ്ങിയില്ല).
124 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം മുതൽ അടിതെറ്റി. ആദ്യ ഇന്നിംഗ്സിൽ പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. അസാധാരണ ബൗൺസ് കൊണ്ട് ഇന്ത്യൻ ബാറ്റർമാരെ ബുദ്ധിമുട്ടിച്ച മാർക്കോ യാൻസൻ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ (0) മടക്കി. തൻ്റെ രണ്ടാം ഓവറിൽ കുത്തിയുയർന്ന പന്തിൽ കെ.എൽ. രാഹുലിനെയും (0) പുറത്താക്കി യാൻസൻ ഇന്ത്യയെ ഞെട്ടിച്ചു.
ലഞ്ചിനുശേഷം സ്പിൻ ആക്രമണം തുടങ്ങി. സിക്സിന് ശ്രമിച്ച ധ്രുവ് ജുറെലിനെ (13) സൈമൺ ഹാർമർ പുറത്താക്കി. സ്പിന്നിനെതിരെ പതറിയ റിഷഭ് പന്ത് (2) ഹാർമർക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും ചേർന്ന് 26 റൺസ് കൂട്ടുകെട്ടിലൂടെ നേരിയ പ്രതീക്ഷ നൽകിയെങ്കിലും ജഡേജയെ (18) ഹാർമർ വിക്കറ്റിന് മുന്നിൽ കുടുക്കി. പൊരുതി നിന്ന വാഷിംഗ്ടൺ സുന്ദറിനെ (31) മാർക്രം വീഴ്ത്തിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
തുടർന്ന് അക്സർ പട്ടേൽ (26) തുടർച്ചയായി സിക്സുകൾ പറത്തി പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം സിക്സിനുള്ള ശ്രമം ബാവുമയുടെ കൈകളിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കക്കായി സ്പിന്നർ സൈമൺ ഹാർമർ 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകർത്തു. കേശവ് മഹാരാജും മാർക്കോ യാൻസനും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
രണ്ടാം ഇന്നിംഗ്സിൽ 93/7 എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 153 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ക്യാപ്റ്റൻ ടെംബാ ബാവുമ (55* റൺസ്) മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. കോർബിൻ ബോഷ് (25) എട്ടാം വിക്കറ്റിൽ ബാവുമയ്ക്ക് മികച്ച പിന്തുണ നൽകി.