
എഡ്സ്ജ്ബാസ്റ്റൺ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഐസിസി അധ്യക്ഷൻ ജയ് ഷാ പങ്കുവെച്ച എക്സ് പോസ്റ്റിനെതിരെ വിവാദം. ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്താത്തതാണ് വിവാദത്തിനിടയാക്കിയത്.
വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ചുള്ള എക്സ് പോസ്റ്റിൽ ശുഭ്മാൻ ഗിൽ, ആകാശ് ദീപ്, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവർ ഉൾപ്പെട്ടപ്പോൾ, സിറാജ് പുറത്തായി. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തെ നയിച്ച സിറാജ് ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ ഒന്നുമടക്കം ഏഴ് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പന്ത്, ജഡേജ എന്നിവരെയടക്കം അഭിനന്ദിച്ചപ്പോൾ അതിനേക്കാൾ നിർണായക പ്രകടനം നടത്തിയ സിറാജ് മാത്രമെങ്ങനെ ഒഴിവായി എന്നാണ് പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് ചെയ്യുന്നത്.
'ഇവിടെയും ഹിന്ദു-മുസ്‍ലിം കളിക്കുകയാണോ?' എന്ന് മഹിള കോൺഗ്രസ് നേതാവ് നടാഷ ശർമ കമന്റ് ചെയ്തു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലീഷ് ബാറ്റിങ്ങിനെ തകർത്തെറിയുകയും റൂട്ട്, സ്റ്റോക്സ് അടക്കമുള്ള നിർണായക വിക്കറ്റുകൾ എടുക്കുകയും ചെയ്ത സിറാജിനെ ‘ബിജെപി നോമിനിയായ’ ജയ്ഷാ അവഗണിച്ചത് ബോധപൂർവ്വമാണോ എന്ന് കോൺഗ്രസ് നേതാവും എംപിയുമായ ജാവേദ് അഷ്റഫ് ഖാൻ കമന്റ് ചെയ്തു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ജയമാണ് ഇന്ത്യനേടിയത്. ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സിൽ ബാറ്റുവീശിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271ൽ അവസാനിച്ചു. പേസർ ആകാശ്ദീപ് ആറു വിക്കറ്റുമായി തിളങ്ങി. എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ വിജയമാണിത്.