

രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ നേടിയ 489 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് 119 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. 58 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ സാധിച്ചത്. 97 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്.
നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുതിയ ഏകദിന ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രാഹുൽ, കേശവ് മഹാരാജിന്‍റെ പന്തിൽ എയ്ഡൻ മാർക്രമിനു പിടുകൊടുത്ത് മടങ്ങുകയായിരുന്നു.
പിന്നാലെ ജയ്സ്വാളും സായ് സുദർശനും (15) മടങ്ങി. ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ ധ്രുവ് ജുറെൽ ഇത്തവണ പൂജ്യത്തിനു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി. കോച്ച് ഗൗതം ഗംഭീറിനും ടീം മാനെജ്മെന്‍റിനും പ്രിയപ്പെട്ട 'പേസ് ബൗളിങ് ഓൾറൗണ്ടർ' നിതീഷ് കുമാർ റെഡ്ഡി 10 റൺസെടുത്തു.