
ഏഷ്യാകപ്പിന് പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ. 88 റൺസിന്റെ ആധികാരിക വിജയമാണ് ഇന്ത്യൻ പെൺപുലികൾ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം 159 ൽ അവസാനിച്ചു. ദീപ്തി ശർമയും ക്രാന്തി ഗൗഡും ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌കോർ: ഇന്ത്യ 50 ഓവറിൽ 247, പാകിസ്താൻ: 43 ഓവറിൽ 159.
ഇന്ത്യയുടെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. അർധ സെഞ്ച്വറി നേടിയ സിദ്ര അമീന്(81) മാത്രമാണ് പിടിച്ചു നിൽക്കാനായത്. സ്‌കോർ ബോർഡിൽ ആറു റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ മുനീബ അലിയെ(2) നഷ്ടമായി. പിന്നാലെ സദാസ് ഷമാസും(6), ആലിയ റിയാസും(2) മടങ്ങി.
എന്നാൽ നാലാം വിക്കറ്റിൽ സിദ്ര-അദാലിന പർവെയ്ഷ്(33) കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും ക്രാന്ദി ഗൗഡ് ഇന്ത്യയുടെ രക്ഷക്കെത്തി. 33 റൺസെടുത്ത നഥാലയെ രാധാ യാദവിന്റെ കൈകളിലെത്തിച്ചു. പിന്നാലെ മധ്യനിര തകർന്നതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി.
നേരത്തെ ഹർലീൻ ഡിയോലളയുടെ(65 പന്തിൽ 46) ബാറ്റിങ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 20 പന്തിൽ 35 റൺസുമായി റിച്ച ഘോഷ് പുറത്താകാതെ നിന്നു. മെജീമ റോഡ്രിഗസ്(37 പന്തിൽ 32), സ്‌നേഹ് റാണ(23 പന്തിൽ 20) എന്നിവരും മികച്ച പിന്തുണ നൽകി. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.