മുംബൈ: ചരിത്രത്തിലാദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുക. ഐ.സി.സി.യുടെ സമ്മാനത്തുകയ്ക്ക് പുറമെ 51 കോടി രൂപയുടെ വമ്പൻ പാരിതോഷികമാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചിരിക്കുന്നത്.(Indian women's cricket team to receive record prize money along with world title)
ഐസിസി സമ്മാനത്തുക, 39.78 കോടിയാണ്. ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിന് ഐ.സി.സി.യിൽ നിന്ന് 39.78 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപ ലഭിച്ചു.
സെമിഫൈനലിൽ തോറ്റ ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്ക് 9.94 കോടി രൂപ വീതവും ലഭിക്കും. ബിസിസിഐയുടെ പ്രത്യേക പാരിതോഷികം 51 കോടിയാണ്.ലോകകിരീട നേട്ടത്തിന് അഭിനന്ദനമെന്ന നിലയിൽ ബി.സി.സി.ഐ.യുടെ വകയായി ഇന്ത്യൻ ടീമിന് 51 കോടി രൂപ പ്രത്യേക പാരിതോഷികമായി നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രഖ്യാപിച്ചു.
മുൻപ്, ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐ.കഴിഞ്ഞ വർഷം ടി20 ലോകകപ്പ് നേടിയ പുരുഷ ടീമിന് ബി.സി.സി.ഐ. 125 കോടി രൂപയാണ് പാരിതോഷികമായി നൽകിയത്.
ഇതിന് മുമ്പ്, 2017 വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി ബി.സി.സി.ഐ. 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങൾക്ക് സ്വന്തമാവുക.
നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി കീരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298 റൺസ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾ ഔട്ടായി.
ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ (98 പന്തിൽ 101) സെഞ്ചുറി പ്രകടനം പാഴായി. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇന്ത്യൻ വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെ ഫൈനലായിരുന്നു ഇത്.