

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ പതിനഞ്ചംഗ ടീമിൽ സ്ഥാനം നിലനിർത്തി. പരുക്കിൽ നിന്നു മുക്തനായ ഹാർദിക് പാണ്ഡ്യയും, പരുക്ക് ഭേദമായിട്ടില്ലാത്ത ശുഭ്മൻ ഗില്ലും ടീമിൽ ഉണ്ട്. ഗിൽ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിനിറക്കൂ എന്നാണ് വിശദീകരണം.
പേസ് ബൗളിങ് ഓൾറൗണ്ടറായ ഹാർദിക് തിരിച്ചെത്തിയതോടെ നിതീഷ് കുമാർ റെഡ്ഡിയെ പുറത്തിരുത്താൻ സെലക്റ്റർമാർ നിർബന്ധിതരായി. ശിവം ദുബെയും ഇതേ റോളിൽ സ്ഥാനം നിലനിർത്തി. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലും. വരുൺ ചക്രവർത്തിയും കുൽദീപ് യാദവും സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും ഹർഷിത് റാണയുമാണ് ടീമിലെ പേസ് ബൗളർമാർ.
സൂര്യ കുമാർ യാദവ് നയിക്കുന്ന ടീമിൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെയാണ് ഇന്ത്യ ഏറെക്കുറെ നിലനിർത്തിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ചൊവ്വാഴ്ചയാണ് തുടക്കമാവുക. ഡിസംബർ 9, 11, 14, 17, 19 തീയതികളിലാണ് മത്സരങ്ങൾ.
ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ്-ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.