ആഗസ്റ്റിൽ ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ത്യൻ താരം സഞ്ജു സാംസണ് കളിക്കും. ലീഗ് കളിക്കാൻ താൽപര്യമുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ സഞ്ജു അറിയിച്ചു. ഇതോടെ, ടൂർണമെന്റിന് മുന്നോടിയായുള്ള ലേലത്തിൽ താരങ്ങളുടെ പട്ടികയിൽ സഞ്ജുവിനെ കൂടി ഉൾപ്പെടുത്താൻ കെ.സി.എ തീരുമാനിച്ചു.
ഇന്ത്യൻ ടീമിൽ ഇടംപിടിച്ച താരമായതിനാൽ കഴിഞ്ഞ വർഷം നടന്ന പ്രഥമ സീസണിൽ ടൂർണമെന്റിന്റെ ഐക്കൺ താരമായാണ് സഞ്ജുവിനെ കെ.സി.എ നിലനിർത്തിയത്. എന്നാൽ, ട്വന്റി-20 മോഡൽ ടൂർണമെന്റിൽ കളിക്കാൻ സഞ്ജു ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഇത്തവണ സഞ്ജുവിനെ കൂടി ഉൾപ്പെടുത്താൻ കെ.സി.എ തീരുമാനിച്ചത്.
ലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കാനായി ടീമുകൾ തമ്മിൽ ശക്തമായ പോരാട്ടം നടത്തേണ്ടിവരും. എം.എസ്. അഖിലായിരുന്നു കഴിഞ്ഞ സീസണിലെ വിലയേറിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാൻഡ്രം റോയൽസാണ് അഖിലിനെ സ്വന്തമാക്കിയത്. സച്ചിൻ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയ്ലേഴ്സാണ് കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാമ്പ്യൻമാർ.